സാമിന്റെ കയ്യിലകപ്പെട്ട ഒരു പാവയെപ്പോലെ നതാഷ ആ വനത്തിനുള്ളിൽ അലയുകയാണെന്ന് അയാൾക്ക് തോന്നി.
പക്ഷെ മാത്യു വിന്റെ ഫോൺ നമ്പർ എന്നോ നാതാഷാ ബ്ലോക്ക് ചെയ്ത കാര്യം അയാൾ അറിഞ്ഞിരുന്നില്ല..
ദിവസങ്ങൾ കഴിയും തോറും മാത്യുവിന്റെ ജീവിതം കൂടുതൽ സങ്കീർണ്ണമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു..
നതാഷയെക്കുറിച്ചുള്ള ആകുലതകളും സാമിനെക്കുറിച്ചുള്ള ഭയവും അയാളെ മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.
തന്റെ വീട്ടിൽ തനിക്കൊപ്പം കഴിഞ്ഞിരുന്ന ലില്ലിക്ക് ഇനി അവിടെ സ്ഥാനമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.
അത് അവളോടുള്ള ദേഷ്യം കൊണ്ടായിരുന്നില്ല, മറിച്ച് സാം എന്ന വിഷപ്പാമ്പ് എപ്പോൾ വേണമെങ്കിലും ഈ വീടിന്റെ പടികടന്നു വരാമെന്നും, അപ്പോൾ ലില്ലിയും ഒരു ഇരയാകാൻ പാടില്ലെന്നും അയാൾ ആഗ്രഹിച്ചു.
അന്ന് രാവിലെ ഹാളിലെ സോഫയിൽ തലയ്ക്ക് കൈകൊടുത്ത് ഇരിക്കുകയായിരുന്നു മാത്യു.
അരികിൽ വന്ന ലില്ലിയുടെ സാമീപ്യം പോലും അയാളെ അസ്വസ്ഥനാക്കി.
അയാൾ സാവധാനം അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു:
”ലില്ലി… സോറി. എനിക്ക് ഇത് തുടരാനാവില്ല.
നീ ഇവിടെ നിന്ന് പോകണം.
എനിക്ക് എന്ത് സംഭവിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല.
നിന്നെ ചതിക്കാൻ എനിക്ക് ആവില്ല, എന്റെ നിഴൽ പറ്റി നിന്റെ ജീവിതം കൂടി തകരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
പെട്ടെന്നുണ്ടായ ഈ മാറ്റം ലില്ലിയെ അമ്പരപ്പിച്ചു.
ദാരിദ്ര്യത്തിൽ നിന്നും ഈ വലിയ വീടിന്റെ ആഡംബരത്തിലേക്ക് വന്ന അവൾക്ക്, ഒരു നിമിഷം ആ വീട് ഒരു തടവറയായി തോന്നി.
