എങ്കിലും മറ്റെല്ലാ വായനയും നിർത്തി വെച്ച മേനോൻ അയാളുദ്ദേശിച്ച ഒറ്റക്കാര്യത്തിനായി മാത്രം സമയം ചെലവഴിച്ചു.. അതി വിശാലമായ കോളേജ് ലൈബ്രറി മേനോൻ അരിച്ച് പെറുക്കി..ആയിരക്കണക്കായ താളിയോലകൾ വിശദമായ പഠന വിധേയമാക്കി.. മേനോന്റെ പ്രതീക്ഷ കൂടിക്കൊണ്ടിരുന്നു..മറ്റൊരാളറിയാതെ അതീവ രഹസ്യമായിട്ടാണ് മേനോൻ പഠനം നടത്തിയത്..
പിന്നെ മാസങ്ങൾ നീണ്ട പരിശോധന.. താളിയോലക്കെട്ടുകളിൽ നിന്ന് ഗ്രന്ഥങ്ങളിലേക്ക് സൂചനകൾ മാറി.. പിന്നെ കാര്യങ്ങൾ ഒന്നൂടെ എളുപ്പമായി.. പാതിരാ വരെ മേനോൻ വായനയിൽ മുഴുകി..
അയാളുടെ പരിശ്രമങ്ങൾ ഫലം കണ്ട് തുടങ്ങുകയും, പ്രതീക്ഷകൾ കൂടിക്കൂടി വരികയും ചെയ്തു..
ഇപ്പോൾ മേനോന് കാര്യങ്ങൾ ഏറെക്കുറേ ഉറപ്പായി..അതൊന്നു കൂടി ഉറപ്പിക്കാനായി അയാൾ ഒരു യാത്ര പോയി.. രണ്ട് ദിവസത്തെ യാത്ര… ആ യാത്ര കഴിഞ്ഞ് വന്ന മേനോൻ ആഹ്ലാദഭരിതനായിരുന്നു.. അയാളുദേശിച്ചതെല്ലാം ആ യാത്രയിൽ അയാൾ മനസിലാക്കിയിരുന്നു..
പക്ഷേ, താൻ നടത്താൻ പോവുന്ന ദൗത്യം അങ്ങേയറ്റം അപകടം പിടിച്ചതാണെന്ന് മേനോന് നന്നായറിയാം.. ഒറ്റക്കത് നടക്കില്ലെന്നും അയാൾക്ക് മനസിലായതാണ്..അതിന് കരുത്തും തന്റേടവുമുളള ചുരുങ്ങിയത് രണ്ടാളെങ്കിലും കൂടെ വേണം..ആര്..?..
ആരാണ് ഈ ദൗത്യത്തിന് കൂടെക്കൂട്ടാൻ പറ്റുന്ന രണ്ട് പേർ..?.
മേനോൻ പിന്നെ അതിനുള്ള അന്വോഷണത്തിലായിരുന്നു.. ദിവസങ്ങളോളം അയാൾ പലരേയും നിരീക്ഷിച്ചു.. അതിന് പറ്റിയ രണ്ടാളുകളെ അയാൾ കാമ്പസിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.. അവരറിയാതെ അവരുടെ ഓരോ നീക്കങ്ങളും ഒരു ഡിറ്റക്ടീവിനെപ്പോലെ നിരീക്ഷിച്ചാണ് മേനോൻ അവർ മതിയെന്ന തീരുമാനത്തിലെത്തിയത്..
