“രണ്ടാളും ഇരിക്ക്… “..
ഒരു സെറ്റിയിലേക്കിരുന്ന് മേനോൻ പറഞ്ഞു.. അനന്തുവും, സുഹൈലും എതിർ ഭാഗത്തും ഇരുന്നു..
“വളരെ പ്രധാനപ്പെട്ടൊരു കാര്യം നിങ്ങളോട് സംസാരിക്കാനാണ് ഞാൻ വിളിപ്പിച്ചത്… വളരെയാളുകളിൽ നിന്ന് ദിവസങ്ങളോളം നിങ്ങളെ നിരീക്ഷിച്ചാണ് ഞാൻ നിങ്ങളോടിത് പറയാൻ തീരുമാനിച്ചത്… നിങ്ങൾക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും ഞാൻ പറയുന്ന കാര്യം നാലാമതൊരാൾ അറിയാൻ പാടില്ല… “..
ആ മുഖവുര കേട്ടപ്പോ തന്നെ അനന്തുവിന് പന്തികേട് തോന്നി..എന്നാൽ സുഹൈലിന് ത്രില്ലാണ് തോന്നിയത്..
“ഏകദേശം രണ്ട് വർഷമായി ഞാനൊരു ഗവേഷണത്തിലായിരുന്നു… അത് പൂർത്തിയാകാറായി… പക്ഷേ, അത് പൂർത്തിയാക്കാൻ എനിക്ക് നിങ്ങളുടെ സഹായം വേണം… അതിന് നിങ്ങൾ തയ്യാറാണോ എന്നറിയാനാണ് ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്..”..
“ ഞാനെങ്ങിനെയാ സാറിനെ സഹായിക്കേണ്ടത്…?”..
സുഹൈൽ എന്തിനും റെഡി.. മേനോൻ അനന്തുവിനെ നോക്കി,.
“അത്… കാര്യമറിയാതെ…?”..
“ പറയാം…”..
മേനോൻ എണീറ്റ് ആ പ്രൊജക്റ്റർ ഓണാക്കി.. ചുവരിലെ വലിയ സ്ക്രീനിൽ ചിത്രങ്ങൾ തെളിഞ്ഞു..ഒരു വലിയ എട്ട് കെട്ട്.. പടിപ്പുരയും, വിശാലമായ മുറ്റവും, വലിയ പൂമുഖവുമൊക്കെയുള്ള ഒരു കോവിലകം…
“ ഇത് ചന്ദ്രഗിരി പാലസ്… ഇത് നാൽപത് വർഷം മുൻപുള്ള ചിത്രമാണ്… ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണിക്കാം… “..
മേനോൻ ചിത്രം മാറ്റി..അതും ചന്ദ്രഗിരി പാലസ് തന്നെ… പക്ഷേ,ആകെ കാട് മൂടി ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ്.. കഴുക്കോല് വരെ ഒടിഞ്ഞ് മോന്തായം വീണിട്ടുണ്ട്..
