“ഇതിന്റെ അവസാനത്തെ അവകാശി മരിച്ചിട്ട് മുപ്പത്തഞ്ച് വർഷമായി… അത്രയും കാലമായി ഇത് ആൾപാർപ്പില്ലാതെ കിടക്കുകയാണ്… ഇവിടെയുള്ള എല്ലാ സാധനങ്ങളും നാട്ടുകാർ മോഷ്ടിച്ചോണ്ട് പോയി… കതകുകൾ വരെ ഇളക്കിക്കോണ്ട് പോയിട്ടുണ്ട്… ഇനിയൊരു മൊട്ട് സൂചി വരെ അവിടെ ബാക്കിയില്ല…”..
മേനോൻ പറയുന്നതിനിടയിൽ ചിത്രങ്ങൾ മാറ്റുന്നുണ്ട്..എല്ലാം ആ പാലസിന്റെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങൾ..
“ഇപ്പോ അഞ്ച് വർഷമായി ഇത് സർക്കാർ പ്രോപർട്ടിയാണ്… അവകാശികളില്ലാതെ നശിച്ച് പോയ ഈ പാലസ് സർക്കാർ ഏറ്റെടുത്ത് പുനരുദ്ധരിക്കാനുള്ള തീരുമാനത്തിലാണ്… പക്ഷേ വളരെയധികം ദുരൂഹതകളുള്ള ഈ കൊട്ടാരം പൊളിച്ച് പണിതാൽ തങ്ങൾക്കെന്തേലും ആപത്ത് സംഭവിക്കുമോ എന്ന പേടിയിൽ ഉദ്യോഗസ്ഥരെല്ലാം മടിച്ച് നിൽക്കുകയാണ്… “..
“ഈ പാലസ് സാറ് വാങ്ങാൻ പോകുന്നോ… ?”..
ഇത്രയും നേരം മേനോന്റെ വിശദീകരണം കേട്ട സുഹൈൽ ചോദിച്ചു.. മേനോനൊന്ന് ചിരിച്ചു..
“ഇല്ല… അങ്ങിനെയൊരു ഉദ്ദേശം എനിക്കില്ല… പക്ഷേ വേറൊരു ഉദ്ദേശം ഉണ്ട് താനും… “..
അനന്തു ഒന്നും മിണ്ടാതെ സാറ് പറയുന്നത് ശ്രദ്ധിക്കുകയാണ്.. അപ്പഴും സാറെന്തിനാണ് തങ്ങളോട് ഇതൊക്കെ പറയുന്നതെന്ന് അവന് മനസിലായില്ല..
“ ഞാൻ പറഞ്ഞല്ലോ… അവിടെയിനി ഒരു സാധനവും ബാക്കിയില്ല… ചിലയിടങ്ങളിൽ ചുമര് പൊളിച്ച് കല്ല് വരെ കൊണ്ടുപോയിട്ടുണ്ട്… പക്ഷേ, ഒരു നാടൊന്നാകെ വന്ന് കൊള്ളയടിച്ച് കൊണ്ട് പോയിട്ടും അവർക്കാർക്കും കിട്ടാത്ത ഒരു സാധനം ആ പാലസിലുണ്ട്… അമൂല്യമായ ഒരു നിധി… പറങ്കിപ്പടയുടെ കൊള്ളയിൽ നിന്ന് തന്റെ സമ്പത്ത് രക്ഷിക്കാനായി അന്നത്തെ നാടുവാഴി രണ്ടാമതൊരാളറിയാതെ ഒളിപ്പിച്ച് വെച്ചതാണത്… എന്റെ കണക്ക് കൂട്ടൽ ശരിയാണെങ്കിൽ അതിന്റെ മൂല്യം ഇപ്പോ നൂറ് കോടിക്ക് മേലെ വരും…”..
