അനന്തുവിന്റെ രോമങ്ങൾ എഴുന്ന് നിന്നു.. അത് നൂറ് കോടി എന്ന് കേട്ടിട്ടല്ല..
ഉള്ളിൽ നിന്ന് ഒരു ഭയം അവന്റെ ദേഹമാസകലം പടർന്ന് കയറി..എന്നാൽ ഇതൊക്കെ കേട്ട് സുഹൈലിന് നല്ല ത്രില്ലാണ് തോന്നിയത്..
“ആ നിധിയിരിക്കുന്ന സ്ഥലം വ്യക്തമായി എനിക്കറിയില്ല..എന്നാലും ചില സൂചനകളൊക്കെ കിട്ടിയിട്ടുണ്ട്… ഏകദേശം രണ്ട് വർഷത്തെ എന്റെ പഠനഫലമായിട്ടാണ് ചെറിയ സൂചനകളെങ്കിലും എനിക്ക് മനസിലാക്കാനായത്… ആ നിധിയെടുക്കാൻ നിങ്ങളെന്നെ സഹായിക്കുമോ എന്നാണ് എനിക്കറിയേണ്ടത്… അത് സ്വന്തമാക്കാനായാൽ അത് നമ്മൾ രണ്ടായി ഭാഗിക്കും… ഒരു പകുതി എനിക്ക്… മറ്റേ പകുതി നിങ്ങൾക്ക് രണ്ടാൾക്കും… നിങ്ങൾക്ക് സമ്മതമാണെങ്കിൽ മാത്രമേ ഇനി ഇതിന്റെ ബാക്കി ഞാൻ പറയൂ… “..
മേനോൻ പ്രൊജക്ടർ ഓഫാക്കി സെറ്റിയിൽ വന്നിരുന്നു..
“ഞാൻ റെഡിയാ സാർ…”..
സുഹൈലിന് ആലോചിക്കുക കൂടി വേണ്ടി വന്നില്ല..ആ പകുതി പിന്നെയും പകുതിയാക്കിയാലും ഇരുപത്തഞ്ച് കോടി ഉണ്ടാവും എന്ന് മാത്രമാണവൻ ചിന്തിച്ചത്..
എന്നാൽ അനന്തു സമ്മതം മൂളിയില്ല.. കാരണം ഇത് ചെറിയ കളിയല്ല എന്നവനറിയാം.. ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്..അതറിയാതെ സമ്മതം മൂളാനാവില്ല…
അവൻ സംശയങ്ങളോരാന്നായി സാറിനോട് ചോദിച്ചു..എല്ലാത്തിനും വ്യക്തവും കൃത്യവുമായ ഉത്തരം അയാൾ പറഞ്ഞു.. ഏതുത്തരം പറയുമ്പോഴും നൂറ് കോടിയുടെ കാര്യം അയാൾ എടുത്ത് പറഞ്ഞു..
“ഇത് വലിയ അപകടം പിടിച്ച സംഗതിയല്ലേ സാർ…?”..
