“നീ വേറെ എവിടെയെങ്കിലും പോയി കഴിച്ചോ, ഒരു വക ഇവിടെ നിന്ന് ഞാൻ തരില്ല.”
“ങേ..!!” ഞാൻ അന്തംവിട്ട് നിന്നു.
“വാപ്പ, എന്തിനാ അവനോട്—”
“നീ മിണ്ടണ്ട മുസ്തഫ, ഒരു വക്കാലത്തും ഇവട വേണ്ട. ഓൻ എവിടെയെങ്കിലും പോയി കഴിക്കട്ടെ.” മാമ തീര്‍പ്പ് കല്പിച്ചു.
ഇനി ഞാൻ കാരണം അച്ഛനും മകനും തമ്മില്‍ വഴക്ക് വേണ്ട എന്ന ചിന്തയില്‍ എന്റെ വെള്ളി ദോഷത്തെ പിന്നെയും ശപിച്ചു കൊണ്ട് ഞാൻ വേഗം അവിടെ നിന്നിറങ്ങി.
“നി എവട പൊണടാ ഹമുക്കെ?” ബഷീര്‍ മാമ ഉറക്കെ ചോദിച്ചത് കേട്ട് സംശയത്തോടെ ഞാൻ തിരിഞ്ഞു നോക്കി.
“കേറടാ അകത്ത്.” അയാള്‍ ചീറി.
അയാളുടെ മനസ്സ് മാറുന്നതിന് മുന്‍പ് ഞാൻ വേഗം അകത്തേക്ക് ഓടിയതും ബഷീര്‍ മാമയുടെ വായിൽ നിന്നും ഒരു മുരൾച കലര്‍ന്ന ചിരി പുറത്തേക്ക് വന്നു.
ഇന്ന് ഒരാളെങ്കിലും എന്നോട് വിട്ടുവീഴ്ച ചെയ്തോർത്ത് അല്പമെങ്കിലും മനസ്സിന് സമാധാനം കിട്ടി.
ഉച്ചക്ക് കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. അതുകൊണ്ട് വലിച്ച് വാരി കഴിച്ചു. പക്ഷേ കാശു വാങ്ങാൻ മാമ തയ്യാറായില്ല.
“ഉച്ചക്ക് നിന്റെ ചോറു ഞാൻ തിന്നു. ആ ചോറിന്‍റെ കാശ് നീ തന്നതല്ലെ, അതുകൊണ്ട് കാശ് വേണ്ട നീ ചെല്ല്.” ബഷീര്‍ മാമ എന്നെ വിരട്ടി.
എന്റെ ഫ്ലാറ്റിലേക്ക് പോകാൻ നല്ല മടി തോന്നിയത് കൊണ്ട്, 10 മിനിറ്റ് നടന്ന് അടുത്തുള്ള പാർക്കിൽ പോയി. അവിടെ ഉണ്ടായിരുന്ന എന്റെ സ്ഥിരം പുല്‍മേട്ടില്‍ ഇരുന്നുകൊണ്ട് എന്റെ മൊബൈൽ എടുത്തു.
‘സോറി മോളെ. ഉമ്മ.’ എന്റെ അനുജത്തിക്ക് ഞാൻ അയച്ചു.
എന്ത് തെറ്റ് ഞാൻ ചെയ്തു എന്നറിയില്ലെങ്കിലും അവളോട് സോറി പറഞ്ഞതും എന്റെ മനസ്സിന് ഒരല്‍പ്പം ആശ്വാസം തോന്നി. കാരണങ്ങള്‍ ഇല്ലാതെ എന്റെ അനുജത്തിയോട് എത്ര സോറി ചോദിക്കാനും എനിക്ക് മടിയില്ല.
ശനിയും ഞായറും എന്റെ ഓഫീസ് സ്റ്റാഫ്സിന് അവധിയാണ്. പക്ഷേ എന്റെ ചില ജോലിയൊക്കെ ഞാൻ ശനിയാഴ്ചകളിൽ ചെയ്യുന്നത് ശീലമാക്കിയിരുന്നു.
♥️
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐
❤️❤️