“അന്ന് അവള് പ്ലസ് ടു പഠിക്കുവായിരിക്കും ല്ലേ?
പത്രോസ് ആദ്യമായിട്ടാണ് കാര്യമായ ഒരു കാര്യം ചോദിക്കുന്നത്.
“ആ, പ്ലസ് ടു കഴിഞ്ഞു നിക്കുവാ. ഒരു അപ്പാവി കൊച്ച്. നമ്മടെ പെണ്ണുങ്ങടെ ചൊടിയും ചുണയും ഒന്നുല്ല. കണ്ണുരുട്ടി നോക്കിയാൽ പേടിക്കും. ഫുഡ് ഒക്കെ തിണ്ണയിൽ വെച്ചിട്ടങ്ങു ഓടും. അങ്ങനെ ആദ്യം കണ്ടു. ഇഷ്ടപ്പെട്ടു. ഞാനവടെ ഒരു കൊല്ലത്തിനടുത്തുണ്ടായിരുന്നു. അതിനിടക്കാണ് അവൾടെ അച്ഛന് കാൻസർ വരുന്നത്. എന്നും ചോറും കറിയും തരുന്ന ഫാമിലി അല്ലെ, പോയി കാണാം എന്നോർത്തു ചെന്നതാ. ”
“തലയിലായോ?”
“തലയിലാക്കി. ഞാൻ തന്നെ. വീട്ടിൽ ചെന്നപ്പോ അവളുടപ്പൻ അവൾടെ കാര്യങ്ങളൊക്കെ പറഞ്ഞങ്ങു കരയാൻ തുടങ്ങി. ഞാനൊന്നും ചെയ്യുമെന്ന് പ്രതീക്ഷിച്ചു കരഞ്ഞതല്ല കേട്ടോ. നല്ല ആസ്തി ഒക്കെയൊള്ള കുടുംബം തന്നെയാ. പക്ഷേ, ആൾബലം കുറവാണ്. ഒറ്റ മോൾ. ബന്ധുക്കൾ അധികം ആരുമില്ല. അങ്ങേരു പോയാൽ അവൾ അനാഥയാകും. ആ ഒരു സങ്കടം ഒക്കെ കേട്ടപ്പോ എടുത്ത വഴിക്ക് ഞാൻ പറഞ്ഞു, കൊച്ചിനെ എനിക്ക് തന്നേര് ഞാൻ പൊന്നു പോലെ നോക്കിക്കോളാം എന്ന്. അങ്ങനെ ഞാനങ്ങു തലയിലാക്കി. ”
“ജാതിയും മതവും ഒന്നും പറഞ്ഞില്ലേ ആരും?”
“അവൾടെ അപ്പൻ ആദ്യം സമ്മതിച്ചില്ല… പിന്നെ ഞാൻ അങ്ങ് പറഞ്ഞു സമ്മതിപ്പിച്ചു. റിലേറ്റീവ്സ് ആരാണ്ടൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു. ഞാൻ വെല്ല്യ കാര്യാക്കിയില്ല. ആരെന്തു പറഞ്ഞാലെന്നാ? പൂവമ്പഴം പോലൊരു പെണ്ണിനെ കിട്ടിയല്ലോ… വേറെന്ത് വേണം?”
