പിന്നിൽ അനക്കം അറിഞ്ഞ സുജ തിരിഞ്ഞപ്പോൾ തന്നെ നോക്കി നിൽക്കുന്ന അനുവിനെയാണ് കണ്ടത്.
അവളുടെ കണ്ണുകളിൽ എന്താണ് എന്ന് മനസ്സിലാക്കാൻ സുജയ്ക്ക് കഴിഞ്ഞില്ല.
സജലങ്ങളായ മിഴികളോടെ തന്നെ തിരിഞ്ഞു നോക്കിയ അവളുടെ അമ്മയുടെ മുഖം കണ്ട നിമിഷം തന്നെ അനുവിന്റെ കുഞ്ഞു മനസ്സ് പിടഞ്ഞു.
ഇത്രയും നേരം തന്റെ തീരുമാനം എന്തായിരിക്കും എന്നറിയാതെ വിങ്ങിയ സുജയുടെ മനസ്സ് ഒറ്റ നിമിഷം കൊണ്ട് അനു കണ്ടു.
പിടിച്ചു കെട്ടിയ വെള്ളം പോലെ നിന്നിരുന്ന അനു,
അമ്മയുടെ കണ്ണീരൊഴുകിയ മുഖം കണ്ട് ഓടി വന്നു സുജയെ കെട്ടിപ്പിടിച്ചു.
“ന്തിനാ അമ്മ കരയണേ….”
കവിളിൽ ചാലു തീർത്തു വിറക്കുന്ന ചുണ്ടിലേക്ക് പടരാൻ കൊതിച്ച നീർത്തുള്ളികളെ തുടച്ചു മാറ്റി അനു ചോദിച്ചു.
“മോളെ…അമ്മയ്ക്ക് നീ മാത്രേ ഉള്ളൂ…
നിനക്ക് വേണ്ടി മാത്രാ ഞാൻ ജീവിച്ചേ, ഇനിയും എനിക്ക് ജീവിക്കാൻ നീ മാത്രം മതി.
മോൾക്ക് സമ്മതം അല്ലാത്ത ഒന്നും അമ്മേടെ ജീവിതത്തിൽ വേണ്ടാ…
മോള്ടെ ഇഷ്ടം മാത്രമേ അമ്മയ്ക്ക് വേണ്ടൂ….”
പൊട്ടിപ്പെറുക്കി, ഉയർന്നു താഴുന്ന തൊണ്ടക്കുഴിയുടെ ഭിക്ഷപോലെ കരഞ്ഞു കൊണ്ട് സുജ അത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
അന്നാദ്യമായി അനു മനസ്സുകൊണ്ട് അമ്മയായി മാറി,
മുട്ടുമ്മേലെ തൊലിമാറി ചോര പൊടിഞ്ഞു താൻ ഏങ്ങി കരഞ്ഞോടി വരുമ്പോൾ തന്നെ മാറോടു ചേർത്ത് അശ്വസിപ്പിക്കാറുള്ള തന്റെ അമ്മ
ഇന്ന് താൻ കരഞ്ഞിട്ടുള്ളതിനെക്കാളും നെഞ്ച് പൊട്ടി നിന്ന് ഏങ്ങുന്നത് കണ്ടപ്പോൾ,
അനു സുജയെ മാറോടു ചേർത്ത് അവൾക്ക് തന്റെ അമ്മ ഇതുവരെ പകർന്നു തന്ന സാന്ത്വനം മുഴുവൻ തിരികെ നൽകി.
“എനിക്ക് സമ്മതല്ലാന്ന് ആരാ പറഞ്ഞെ….
എനിക്കിഷ്ടാ…”
തന്റെ മേലെ ചാരി കൊച്ചുകുട്ടിയെപോലെ ഏങ്ങലടിക്കുന്ന സുജയുടെ മുഖം കോരിയെടുത്തു അനു പറഞ്ഞു.
“എന്റെ ആഗ്രഹാ…ശ്രീജാമ്മ എന്നോട് സമ്മതിക്കാൻ പറഞ്ഞെ…
എനിക്കൊരു അച്ഛൻ വരുമ്പോൾ ഞാൻ എന്തിനാ അമ്മോട് ദേഷ്യം പിടിക്കണേ….
അമ്മേടെ അനൂട്ടിക്ക് നൂറു വട്ടം സമ്മതാ…”
സുജയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു തന്റെ സമ്മതം അറിയിക്കുമ്പോൾ…
ശിവനോടുള്ള അനുവിന്റെ ഇഷ്ടക്കേട് അവൾ ഉള്ളിന്റെ ഉള്ളിൽ കുഴിച്ചിട്ടിരുന്നു.
*************************************
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli