ആംബുലന്‍സിന്റെ ശബ്ദം കേട്ടതോടെ മധു അവനെ വിട്ടു.
“ദാ ഇവനാണ്” മാസ്ക് ധരിച്ച് പുറത്തിറങ്ങിയ ആശുപത്രി ജീവനക്കാരോടായി മധു പറഞ്ഞു. അവര്‍ അവന് ധരിക്കാന്‍ പ്രത്യേകം വസ്ത്രവും, മാസ്കും ഗ്ലൌസുകളും നല്‍കി. അവനെയും കൊണ്ട് പോകുന്നതിനു മുന്‍പായി നഴ്സ് ആ സ്ത്രീയോടായി ഇങ്ങനെ പറഞ്ഞു:
“നിങ്ങള്‍ എങ്ങോട്ടും പോകരുത് കേട്ടോ. ഭര്‍ത്താവിന്റെ പരിശോധനാഫലം പോസിറ്റീവ് ആണെങ്കില്‍ നിങ്ങളെയും പരിശോധിക്കേണ്ടി വരും. അതുവരെ മറ്റുള്ളവരുമായി ഇടപെടരുത്. കുട്ടികളെയും പുറത്ത് വിടണ്ട. വീടിനകം അണുവിമുക്തമാക്കാന്‍ ക്ലോറക്സോ ലൈസോളോ ഉപയോഗിച്ച് കഴുകുക. വീട്ടിലേക്ക് വരുന്നവരെ ഉള്ളിലേക്ക് കയറ്റരുത്; പുറത്ത് നിര്‍ത്തി, മിനിമം ഒന്നര മീറ്റര്‍ അകലെനിന്ന് സംസാരിക്കുക. ഒരിക്കലും പുറത്തുള്ള ആരുമായും ക്ലോസ് സമ്പര്‍ക്കം പാടില്ല. അരിയോ അങ്ങനെയുള്ള സാധനങ്ങളോ വേണ്ടിവന്നാല്‍ അയല്‍ക്കാരോട് പറഞ്ഞു വാങ്ങിപ്പിച്ചാല്‍ മതി”
“ശരി മാഡം”
ആംബുലന്‍സ് പടികടന്നു പോയപ്പോള്‍ അയല്‍ക്കാരില്‍ ചിലരെ മധു വിളിപ്പിച്ചു.
“ഈ സ്ത്രീയ്ക്കും കുട്ടികള്‍ക്കും എന്തെങ്കിലും സാധനങ്ങളോ മറ്റോ വേണമെങ്കില്‍ നിങ്ങള്‍ വാങ്ങി നല്‍കണം. ഇവരുടെ ഭര്‍ത്താവിന്റെ പരിശോധനാഫലം വരുന്നതുവരെ ഇവര്‍ക്ക് പുറത്ത് പോകാന്‍ അനുവാദമില്ല. പിന്നെ, തൊട്ടാലോ പിടിച്ചാലോ അതേപോലെ രോഗമുള്ളവരുടെ ശരീരത്തില്‍ നിന്നുള്ള സ്രവം മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ രോഗം പകരൂ. അതായത് രോഗമുള്ളവരുമായി വളരെ അടുത്തിടപഴകിയാല്‍ മാത്രം. അതുകൊണ്ട് ഭയക്കേണ്ട കാര്യമില്ല, പക്ഷെ കെയര്‍ ഉറപ്പായും സ്വീകരിക്കണം.
വൈറസ് ബാധയുള്ള ഇടങ്ങളില്‍ നിന്നും എത്തുന്നവരുമായി ആരും ക്ലോസായി ഇടപെടരുത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക. തിരക്കുള്ള സ്ഥലങ്ങളില്‍ പെടാതെ സൂക്ഷിക്കണം. ഏതെങ്കിലും കാരണവശാല്‍ തിരക്കില്‍ പെട്ടാല്‍, എത്രയും വേഗം കൈകള്‍ സോപ്പിട്ട് കഴുകണം. കൈകള്‍ കഴുകിയ ശേഷം മുഖവും കഴുകണം. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ആശുപത്രിയില്‍ എത്തി ഡോക്ടറെ കാണുക. അലസതയാണ് ഇത്തരം രോഗങ്ങള്‍ വേഗം പകരാനുള്ള കാരണം. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കുക, ഒപ്പം ഈ അറിവുകള്‍ എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യുക”
“ശരി സാറേ” അവരില്‍ ഒരാള്‍ പറഞ്ഞു.
“അപ്പൊ ശരി” മധു ആ സ്ത്രീയുടെ നേരെ തിരിഞ്ഞു:
“നിങ്ങള്‍ വിളിച്ചുപറഞ്ഞത് നന്നായി. അവന് വെറും പനിയായിരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം”
അവര്‍ നന്ദി സ്ഫുരിക്കുന്ന ഭാവത്തോടെ തലയാട്ടി.
“എടീ ഇന്നിനി ചിക്കന്‍ വാങ്ങാന്‍ പറ്റില്ല. ഒരുപാട് ലേറ്റായി” പോകുന്ന വഴിക്ക് മധു ഭാര്യയെ വിളിച്ചുപറഞ്ഞു.
“ഇതാ നിങ്ങടെ കൊഴപ്പം. ഒരു കാര്യോം നേരത്തിനും കാലത്തിനും ചെയ്യത്തില്ല. ഇനി ഞാന്‍ എന്ത് പണ്ടാരമെടുത്ത് ഒണ്ടാക്കാനാ, നാശം” മറുഭാഗത്ത് നിന്നും ഭാര്യയുടെ ശകാരം കാതിലെത്തിയപ്പോള്‍, ഇവളേക്കാള്‍ എത്രയോ ഭേദമാണ് കോറോണാ വൈറസ് എന്നയാള്‍ ഓര്‍ത്തുപോയി..
❤️