ആ ചിന്ത വന്നതും അവന്റെ നെഞ്ച് വീണ്ടും ഒന്ന് ഭാരമായി.
അവൻ കട്ടിലിൽ ഇരുന്നു. കൈ നീട്ടി ബാഗ് തുറന്നു. അകത്ത് വൃത്തിയോടെ മടക്കി വെച്ച വസ്ത്രങ്ങളുടെ ഇടയിൽ ഒരു ചെറിയ ബൈബിൾ.
അത് കണ്ട നിമിഷം അവന്റെ കണ്ണുകൾ മങ്ങിപ്പോയി.
‘ഫാദർ വെച്ചതായിരിക്കും’. അവൻ അതെടുത്തു നെഞ്ചോട് ചേർത്തു.
കുറച്ചു നിമിഷം മുറിയിൽ ഒന്നും കേട്ടില്ല. കാറ്റിന്റെ ശബ്ദവും അവന്റെ ശ്വാസവും മാത്രം.
വൈകുന്നേരം വരെ ജോസഫിനൊപ്പം ചെറിയ ചെറിയ കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോഴും
ഫിലിപ്പിന്റെ മനസ്സ് ഇടയ്ക്കിടെ മറ്റൊരിടത്തേക്ക് വഴുതിപ്പോയി.
ഒരിക്കൽ ജനലിലേക്കും, ഒരിക്കൽ വീടിന്റെ വരാന്തയിലേക്കും,
ഒരിക്കൽ സാറയെ കണ്ട ഗേറ്റിലേക്കും.
അവൻ തന്നെ തിരിച്ചറിഞ്ഞു.
തനിക്ക് എന്തോ സംഭവിച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ അതിന് പേരിടാൻ അവന് ഇപ്പോഴും കഴിയുന്നില്ല.
അത് പ്രണയമോ? ആകർഷണമോ?
അല്ലെങ്കിൽ ആദ്യമായി ഒരാളുടെ സാന്നിധ്യം മനസ്സിൽ പിടിച്ചു നിൽക്കുന്നതോ? അവന് അറിയില്ല.
പക്ഷേ ഒരു കാര്യം മാത്രം വ്യക്തമായിരുന്നു ഇന്ന് ഇവിടെ വന്നപ്പോൾ
താൻ എല്ലാം ഉപേക്ഷിച്ചു വന്നുവെന്ന് അവൻ കരുതിയിരുന്നു.
പക്ഷേ…”ജീവിതം ചിലപ്പോൾ എന്തെങ്കിലും എടുത്തുകളയുമ്പോൾ,
അതിനൊപ്പം എന്തെങ്കിലും പുതിയത് ഹൃദയത്തിൽ തന്നിട്ട് പോവും”.
ആ രാത്രി ഔട്ട് ഹൗസിലെ മുറിയിലേക്ക് കയറിയപ്പോൾ ഫിലിപ്പ് ക്ഷീണിച്ചിരുന്നു.
പക്ഷേ ഉറക്കം അവന്റെ കണ്ണുകളിലേക്ക് വന്നില്ല.
