ഒരു നിമിഷം ഗ്രേസിയുടെ മുഖത്ത് വിഷമം നിറഞ്ഞു. കൊച്ചുകുട്ടന്‍ അത് കണ്ടു. ആ ചോദ്യം വേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി.
“അമ്മെ!”
അവന്‍ അവളുടെ തോളില്‍ പിടിച്ചു.
“അമ്മയ്ക്ക് വെഷമം ആണേല്‍ പറയണ്ട…”
പക്ഷെ പെട്ടെന്ന് മറ്റൊരു ഓര്‍മ്മയ്ക്ക് വിധേയനായി അവന്‍ അവളെ നോക്കി.
“അല്ലേല്‍ സാരമില്ല…പറഞ്ഞെ! പിന്നെ എന്നാ പറ്റി?”
“ഈ ഐസക്കും പ്രദീപും , പ്രദീപ് എന്നാ അവന്‍റെ പേര്..ഈ പേരും പറഞ്ഞ് എന്നുവെച്ചാ എന്‍റെ പേരും പറഞ്ഞ് എന്നും ഒഴിഞ്ഞു മാറുമായിരുന്നു…പ്രദീപ് ഐസക്കിനപ്പോലെയല്ല…ശാന്തന്‍, പാട്ടുകാരന്‍…ശരിക്ക് പറഞ്ഞാ പാവം…”
അവള്‍ ഒരു നിമിഷം നിര്‍ത്തി. പിന്നെ വാഴക്കാടിന് മേല്‍ നിറയുന്ന കാറ്റിനെ നോക്കി.
“ഒരു ദിവസം ഐസക്ക് കുറെ കൂട്ടുകാരെ കൂട്ടി പ്രദീപിനെ തല്ലാന്‍ വന്നു..അത് അറിഞ്ഞ് പ്രദീപ് ഓടി…”
അവള്‍ വീണ്ടും നിശബ്ദയായി.
കൊച്ചുകുട്ടന്‍ ഗ്രേസിയെ ആകാംക്ഷയോടെ ഉറ്റു നോക്കി.
“എന്നിട്ട്?”
അവന്‍ ചോദിച്ചു.
“അമ്മെ? എന്നിട്ട് എന്നാ പറ്റി?”
“പ്രദീപ്…”
അവള്‍ മന്ത്രണത്തോടെ പറഞ്ഞു.
“അവന്‍ ഓടിക്കയറി ഒരു പാലത്തിനു മേലെ..നല്ല മഴക്കാലമായിരുന്നു…കമ്പിപ്പാലമല്ലേ…അതിന്‍റെ നടുക്ക് ചെറുതായി ഒരു പൊട്ടല്‍ ഉണ്ടായിരുന്നു…ആള്‍ക്കാരൊക്കെ സൂക്ഷിച്ചേ നടക്കൂ…പ്രദീപിന്‍റെ കാല്‍ അതില്‍പ്പെട്ട് വഴുക്കി…തെന്നി നീട്ടിക്കെട്ടിയ കമ്പീക്കെടേക്കൊടെ പൊറത്തേക്ക് പോയി..കലങ്ങി ഒഴുകുന്ന വെള്ളത്തിലേക്ക്…”
അവള്‍ കണ്ണുകള്‍ തുടച്ചു.