നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ] 60

 

 

അവരുടെ വാക്കുകൾ എന്നിൽ മാത്രമല്ല, അവിടെ നിന്ന എല്ലാവരിലും വലിയൊരു ഇടിത്തീയായിട്ടാണ് വീണത്. ആമിയും നിധിയും ഭയത്തോടെ പരസ്പരം കൈകൾ കോർത്തുപിടിച്ചു.

 

“അതെ…”

 

മാനസയുടെ ശബ്ദം ഇടറുകയായിരുന്നു,

 

“കാലചക്രം തിരിഞ്ഞ്, പുതിയൊരു തുടക്കത്തിലേക്ക് നിങ്ങൾ എത്തുമ്പോൾ… ഒരുപക്ഷേ നിങ്ങളുടെ ഓർമ്മകൾ പൂർണ്ണമായും മായ്ക്കപ്പെട്ടേക്കാം! നിന്റെ ജീവന്റെ പാതിയായ ഈ ആമിയും നിധിയും, നീ പുതിയതായി പരിചയപ്പെട്ട എല്ലാവരും നിനക്ക് വെറും അപരിചിതരായി മാറിയേക്കാം! ഒരുപക്ഷേ വഴിയിൽ വെച്ച് കണ്ടാൽപ്പോലും പരസ്പരം തിരിച്ചറിയാത്ത, ഒരിക്കലും കണ്ടിട്ടില്ലാത്ത വെറും അപരിചിതർ! കൂടെയുണ്ടായിരുന്ന ഈ വലിയ സ്നേഹവും ഓർമ്മകളും ഇല്ലാതാകുക എന്നതാണ്… ആ ഇന്ദ്രനീലത്തെ നശിപ്പിക്കുന്നതിന് പ്രപഞ്ചം നിങ്ങളിൽ നിന്നും ചോദിക്കുന്ന ഏറ്റവും വലിയ വില!”

 

മാനസയുടെ ആ വാക്കുകൾ എന്റെ ഹൃദയത്തെ രണ്ടായി പിളർക്കുന്നതുപോലെ എനിക്ക് തോന്നി. പ്രപഞ്ചത്തെ രക്ഷിക്കാൻ ഞാൻ ഇന്ദ്രനീലത്തെ നശിപ്പിച്ചാൽ, എനിക്ക് നഷ്ടമാകാൻ പോകുന്നത് എന്റെ ഈ ലോകമാണ്… ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ ആമിയെയും നിധിയെയുമാണ്!

 

പുറത്ത് വീണ്ടും വലിയൊരു ഇടിമുഴങ്ങി. ആ മഴയുടെ ഇരമ്പലിനെക്കാൾ ഉച്ചത്തിൽ എന്റെ നെഞ്ചിടിപ്പ് മുഴങ്ങുന്നത് ഞാനറിഞ്ഞു. ഓർമ്മകൾ നഷ്ടപ്പെട്ട വെറുമൊരു ശൂന്യതയിലേക്ക് ഞാൻ വലിച്ചെറിയപ്പെടുമെന്ന സത്യം എന്നെ വലിയൊരു ഇരുട്ടിലേക്ക് തള്ളിയിടുകയായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *