പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion] 618

“അത് നോക്കുന്നതാകും നല്ലത്…!”

“രണ്ടാമത്തെ മാർഗ്ഗം ഫോണിന്റെ സ്റ്റോറേജിൽ നിന്നും എങ്ങോട്ടാണ് കോപ്പി ആയത് എന്ന്. അതായത് ഏത് ഡിവൈസിലേക്കാണ് കോപ്പി ആയത് എന്ന് കണ്ടു പിടിക്കണം. അങ്ങനെ കോപ്പി ആയ ഡിവൈസിന്റെ ഓർനർ ആകും നമ്മൾ അന്വേഷിക്കുന്നയാൾ”

“പക്ഷെ അതെങ്ങനെ കണ്ടെത്തും”

“നീ എന്നെ കുറിച്ച് എന്താ മനസ്സിലാക്കിയേക്കുന്നത് മോനെ…? ഫോണിൽ നിന്നും കോപ്പി നടന്നിട്ടുണ്ടെങ്കിൽ അത് ഏതെങ്കിലും ഫോൺ ലോഗിൽ അല്ലെങ്കിൽ അപ്ലിക്കേഷൻ ലോഗിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അത് കണ്ടെത്തിയാൽ പണി കഴിഞ്ഞു. പക്ഷെ അതിന് കുറച്ച് സമയമെടുക്കും.” ഐഷു അവൾ ലാപ് ഉപയോഗിക്കുമ്പോൾ വെക്കുന്ന കണ്ണാടി നല്ല സ്റ്റൈലിൽ വെച്ചാണ് അത് പറഞ്ഞത്.

“സമയം ഒരു വിഷയമല്ല, നമുക്ക് ആളെ കിട്ടിയാൽ മതി പക്ഷെ നിനക്ക് ഇതൊക്കെ അറിയമോ?”

“ഇതൊക്കെ നിസ്സാരം, ഞാൻ പുഷ്പം പോലെ ചെയ്യും”

“അവസാനം ഇതൊക്കെ കണ്ടാൽ മതി, പിന്നെ എന്താ ഈ മൂന്നാമത്തെ വഴി?”

“അത് മോൻ കാത്തിരുന്നു കണ്ടോ…! മൂന്നാമത്തെ മാർഗ്ഗം കുറച്ച് കോംപ്ലിക്കേറ്റഡാണ്”

“അതെന്താ അത്ര കോംപ്ലിക്കേറ്റഡ്”

“അത് ആ ഫോട്ടോ സോഷ്യൽ മീഡിയിൽ പ്രചരിച്ച സ്ഥിതിക്ക് അതിന്റെ സോഴ്സ് കണ്ടെത്താൻ നമുക്കൊരു ശ്രമം നടത്താം.”

“അതെങ്ങനെ?”

“ഈ ഫോട്ടോ പോസ്റ്റ്‌ ചെയ്തവർക്ക് എവിടെ നിന്നാണ് അത് കിട്ടിയത് എന്നറിയണം. അയാൾക്ക് എവിടെ നിന്ന് കിട്ടി എന്ന് അറിയണം അങ്ങനെ പോയി നിന്റെ ഫോണുമായി ലിങ്ക് ആകുന്ന ആളെ കണ്ടെത്തണം”

“ആ ഐഡിയ കൊള്ളാമല്ലോ? നമുക്ക് അത് നോക്കാം”

“ഐഡിയയൊക്കെ കൊള്ളാം പക്ഷെ മോൻ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല കാര്യം”

“പോസ്റ്റ്‌ ചെയ്ത ഓരോരുത്തരോടും വിളിച്ച് ചോദിച്ചാൽ പോരെ? അതിലെന്താ ഇത്ര പാട്”

“ചോദിച്ചിട്ട് അവർ പറഞ്ഞില്ലെങ്കിലോ? അല്ലെങ്കിൽ കള്ളം പറഞ്ഞാലോ? പിന്നെ ഇതും പറഞ്ഞ് വിളിച്ചാൽ നല്ല കളിയാക്കലും കിട്ടും.”

“കളിയാക്കിയാൽ അത് ഡീൽ ചെയ്യാൻ എനിക്കറിയാം. പിന്നെ അവന്മാരെ കൊണ്ട് പറയിക്കാൻ ഒരു ഐഡിയ എന്റടുത്തുണ്ട്. പക്ഷെ കള്ളം പറഞ്ഞാൽ അതെങ്ങനെ കണ്ടു പിടിക്കുമെന്നാണ് ഒരു പിടിയും ഇല്ലാത്തത്.”

“മിക്കതും സീനിയർസ് ഒക്കെയാണ് നീ എങ്ങനെ അവരെ കൊണ്ട് പറയിക്കും, പിന്നെ കള്ളം പറയുന്നത് കണ്ട് പിടിക്കാൻ ഒരു കിടിലൻ ഐഡിയ എന്റെ കയ്യിലുണ്ട്!”

“സീനിയർസ് ആയാലും കുഴപ്പമില്ല, കള്ളം പറയുന്നത് എങ്ങനെയാ കണ്ടു പിടിക്കുന്നെ?”

“അത് അവര് പോസ്റ്റ്‌ ചെയ്ത സമയവും അവർക്ക് ഫോട്ടോ കൊടുത്ത ആൾ പോസ്റ്റ്‌ ചെയ്ത സമയവും നോക്കിയാൽ മതി. ആദ്യം കൊടുത്തയാൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നതെങ്കിൽ പറഞ്ഞത് സത്യം അല്ലെങ്കിൽ കള്ളം”

“അത് കൊള്ളാം! പക്ഷെ അത് മൊത്തം മാർക്ക് ചെയ്ത് വെക്കണമല്ലോ?”