0%

Chapter Title : ആണാകാൻ മോഹിച്ച പെൺകുട്ടി [വാത്സ്യായനൻ]

ഉള്ളിലൊതുക്കി നടക്കുകയായിരുന്നു അവൾ എന്ന് മനസ്സിലാക്കിയ ധന്യക്ക് സ്വന്തം വിഷമം കുറയുന്നതായും ദീപ്തിയോട് അനിർവചനീയമായ ഒരു വാത്സല്യം ഉള്ളിൽ വന്നു നിറയുന്നതായും അനുഭവപ്പെട്ടു. ദുഃഖത്തിൻ്റെ പൊട്ടിയ അണകൾ അഞ്ച് മിനിറ്റോളം കുതിച്ചൊഴുകി തെല്ല് ശാന്തമായപ്പോൾ അവൾ എണീറ്റിരുന്ന് കണ്ണു തുടച്ചു.

“തെറ്റ് നിൻ്റെയല്ല, എൻ്റെ ഭാഗത്താ”, ഗദ്ഗദങ്ങൾക്ക് ഇടയിലൂടെ ദീപ്തി പറഞ്ഞു, “ഞാനതു പറഞ്ഞു കഴിയുമ്പോൾ … എന്നെ വെറുക്കില്ലെന്ന് സത്യം ചെയ്യുമോ?”

“എൻ്റെ മുത്തേ, നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമാ. എന്തു വന്നാലും അതിനൊരു കുറവും വരുകേല. പോരേ?” സ്വന്തം നെഞ്ചിൽ കൈ വെച്ച് ധന്യ വാക്ക് കൊടുത്തു.

ദീപ്തി ധൈര്യം സംഭരിച്ച് ധന്യയോട് മനസ്സു തുറന്നു. പണ്ടേയ്ക്കു പണ്ടേ ഉള്ളിൻ്റെയുള്ളിൽ താൻ ഒരു ആണായിരുന്നു എന്നും ദീപക് എന്നു വിളിക്കപ്പെടാൻ ആഗ്രഹിച്ചിരുന്നു എന്നും അവളോട് തനിക്കുള്ളത് വെറും സൗഹൃദമല്ല, ആത്മാർഥമായ പ്രണയമാണെന്നും, അത് തെറ്റാണെന്ന ഭീതി നിമിത്തമാണ് അവളിൽനിന്ന് താൻ അകന്നു നടക്കാൻ ശ്രമിച്ചതെന്നും ദീപ്തി വെളിപ്പെടുത്തി. ധന്യയുടെ മുഖത്ത് നോക്കാൻ ധൈര്യം കിട്ടാതെ മറ്റെവിടേക്ക് ഒക്കെയോ നോക്കിക്കൊണ്ടും ഇടയ്ക്കിടെ  കവിളുകളിലെ കണ്ണീർ തുടച്ചുകൊണ്ടും അവൾ പറയുന്നതെല്ലാം ധന്യ ശ്രദ്ധയോടെ കേട്ടു. തൻ്റെ കുമ്പസാരത്തിന് ഒടുവിൽ ഭയപ്പാടോടെ ദീപ്തി ധന്യയെ നോക്കി. അവളുടെ മുഖം നിർവികാരമായിരുന്നു.

“എന്നോട് ദേഷ്യമാണോ?” ദീപ്തി ഒരു തെറ്റു ചെയ്ത് കയ്യോടെ പിടിക്കപ്പെട്ട കുട്ടിയുടെ ഭാവത്തിൽ ചോദിച്ചു.

മെല്ലെ ധന്യയുടെ ചൊടികളിൽ ഒരു മൃദുസ്മേരം തെളിഞ്ഞു. “എടീ പൊട്ടിക്കാളീ”, അവൾ പറഞ്ഞു, “ഞാൻ നിന്നോട് ഇഷ്ടമാണെന്ന് അങ്ങോട്ടു പറയാനിരിക്കുവാരുന്നു! അപ്പഴല്ലേ നീ പരട്ട സ്വഭാവം കാണിച്ചത്?”

“ങേ!” ദീപ്തി അന്ധാളിച്ചു പോയി.

💬 Comments

View all comments