Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]
. മുമ്പിൽ കത്തിച്ചുവച്ച മെഴുകുതിരികൾക്കു പിന്നിൽ കുരിശിലേറിയ യേശു. അതിനും പിന്നിൽ ചുവരിലെ അലങ്കരിച്ച തട്ടുകളിൽ പുണ്യാളന്മാർ.പെട്ടന്ന് മുമ്പിൽനിന്ന് കർത്താവിന്റെ ശബ്ദം കേട്ടു.
.. മകനെ ആന്റണി, പിതാവ് നിന്നെ സൃഷ്ടിച്ചപ്പോൾ എല്ലാവർക്കുമെന്നപോലെ നിനക്കും അത്യാവശ്യം വേണ്ട ബുദ്ധി തന്നിരുന്നു. അത് നീ ഉപയോഗിക്കുന്നില്ല എന്നത് പിതാവിന്റെ കുറ്റമല്ല. നിനക്കിപ്പോൾ മുപ്പത്താറു വയസ്സായി.സാറയുമായി ഇത്രയും കാലം പ്രണയിച്ച് നടന്നിട്ടും നിന്റെ കല്യാണം ഇതുവരെ കഴിയാതിരുന്നതിന്റെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ..
..ഇല്ല .. ?
..ഞാൻ പറയാം. .. '
ആന്റണി ഒന്ന് നിവർന്നു കിടന്നു .കാരണം വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെപ്പറ്റിയാണ് കർത്താവ് പറഞ്ഞുകൊണ്ടുവരുന്നത്. കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ അതിനു കാരണം സമയമായിട്ടില്ലാ എന്നായിരിക്കും പറയാൻ പോകുന്നത് . അല്ലെങ്കിൽ തന്നെ അദ്ദേഹം അറിയാതെ ലോകത്ത് വല്ലതും നടക്കുന്നുണ്ടോ? കർത്താവു പറഞ്ഞു.
.. അതൊന്നുമല്ല മകനെ കാര്യം. നിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ അതിന്റെ ഗുണഭോക്താവ് ആരാണ് .. ?
അത് കേട്ട് ആന്റണി ഒന്നിരുത്തി ചിന്തിച്ചു . ഗുണഭോക്താവോ ..ഹിഹി തന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ ആർക്കു ഗുണമുണ്ടാവാനാണ്? താൻ കിടന്നു കഷ്ടപ്പെടുകയല്ലാതെ? ആന്റണിയ്ക്ക് കാര്യങ്ങൾ പിടുത്തം കിട്ടുന്നില്ലെന്നു കണ്ട കർത്താവ് തുടർന്നു.
.. ഡാ കുഞ്ഞാടെ നമുക്കിതിനെ മറ്റൊരു വിധത്തിൽ പറയാം.നീ ബുദ്ധി ഉപയോഗിക്ക്. ആരാണ് നിനക്കു വരുന്ന ആലോചനകളെല്ലാം വേണ്ടെന്നു പറഞ്ഞ് മുടക്കണത്.. ?'
ആന്റണി ആലോചിച്ചു…
ആര് മുടക്കാനാണ്. ആരെങ്കിലും മുടക്കിയിട്ടാണോ പ്രേമിച്ച പെണ്ണുമായുള്ള കല്യാണം തരമാവാത്തത്.. ?.
ആലോചിച്ചിട്ടും ആലോചിച്ചിട്ടും ഉത്തരം കിട്ടാതെ ആന്റണി കട്ടിലിൽ കിടന്ന് ഞെളിപിരി കൊണ്ടു .
💬 Comments
View all comments