Chapter Title : അലൻ [Haran]
പുതുതായ് കിട്ടിയ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ടിക്കറ്റ് ഇഷ്യൂ ചെയ്തു, എയര്‍ ഡെക്കാനില്‍. ഭാഗ്യം രണ്ടായിരത്തിനു കിട്ടി ടാക്സ് അടക്കം. നാട്ടില്‍ എത്തിയപ്പോള്‍ ആകെ തിരക്ക്, ഒരാഴ്ചയെടുത്തു ബന്ധുവീട്ടിലോക്കെ ഒന്നു പ്രദക്ഷിണം വയ്ക്കാന്‍. എല്ലാവരും കല്യാണത്തിന്‍റെ കാര്യം തിരക്കുന്നു. ചേട്ടന്മാരെല്ലാം കെട്ടിയല്ലോ നീയെന്താ വൈകിക്കുന്നത് എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. നാശം പിടിക്കാന്‍ ഇവര്‍ക്കറിയില്ലല്ലോ എന്‍റെ വിഷമം. നാട്ടിലെത്തിയതിന്റെ രണ്ടാമത്തെ ആഴ്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക് വിട്ടു. രണ്ടും കല്‍പ്പിച്ച് സെക്ഷ്വലി ട്രാന്‍സ്മിറ്റെഡ് ഡിസീസസ് ചികിത്സിക്കുന്ന ഡോക്ടറെ കണ്ടു. നടന്നതെല്ലാം പറഞ്ഞു. നമുക്കൊരു എലിസാ ടെസ്റ്റ് നടത്തിക്കളയാം എന്നു ഡോക്ടര്‍ പറഞ്ഞു. വേറെയും ചില ടെസ്റ്റുകള്‍ കൂടി നടത്തണം എന്നും പറഞ്ഞു. രക്തം കൊടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ട് വരൂ എന്നു പറഞ്ഞു വിട്ടു. നേരത്തെ റിസള്‍ട്ട് കിട്ടുകയാണെങ്കില്‍ ഞാന്‍ വിളിക്കാം എന്ന് പറഞ്ഞ് ഡോക്ടര്‍ എന്‍റെ നമ്പരും വാങ്ങി. ഗുഹ്യഭാഗത്ത് പുരട്ടാന്‍ ഒരു ഒയിന്റ്റ്മെന്റും തന്നു.
ജീവിതത്തിലെ ശപിക്കപ്പെട്ട ആ രണ്ടാഴ്ചക്കാലം ഞാനെങ്ങിനെ മറക്കും. ആദ്യത്തെ ഒരാഴ്ച നല്ല മദ്യപാനമായിരുന്നു, പിന്നെപ്പിന്നെ അതിലുള്ള താല്‍പ്പര്യവും പോയി. രണ്ടാമത്തെ ആഴ്ച പുറത്തൊന്നും പോയില്ല. റൂമിനുള്ളില്‍ തന്നെ അടച്ചിരുപ്പായിരുന്നു. വീട്ടുകാര്‍ ആകെ അങ്കലാപ്പിലായി. പണ്ട് ഞാന്‍ പറഞ്ഞ് പറ്റിച്ച പല പെണ്‍കുട്ടികളുടെയും കാര്യം ഓര്‍മ്മ വരുന്നു. ഞാനെന്തു ചെയ്യാനാണ്? ഒരു മൂന്നു നാല് മാസം കഴിയുമ്പോള്‍ എനിക്ക് മടുക്കും. ഒരു കാര്യം എനിക്കിപ്പോഴും വിചിത്രമായി തോന്നുന്നു, ഈയോരു അവസ്ഥയിലും,'അസുഖമില്ലെങ്കില്‍ ഇനിയങ്ങോട്ട് നന്നായി ജീവിച്ചു കൊള്ളാം ദൈവമേ' എന്നൊരു നിലപാട് മനസ്സില്‍ വന്നില്ല. അസുഖമുണ്ടെന്ന് ഏതാണ്ട് തീര്‍ച്ചപ്പെടുത്തിയത് കാരണമാവാം.
💬 Comments
View all comments