0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1131

ടേബിളിന്റെ എതിര്‍വശത്തിരുന്ന അങ്കിളിന്റെ കൈയില്‍ പിടിച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്.. കുറച്ചു നേരത്തേയ്ക്ക് പുള്ളിക്കാരന്‍ ഒന്നും മിണ്ടിയില്ല.. പിന്നെ പതുക്കെ പറയാന്‍ തുടങ്ങി.

“...മോനേ... എന്റെ അനുമോള്‍ടെ കല്യാണത്തിനുള്ള ചിലവിനായി ഞാന്‍ എന്റെ ഭാര്യയുടെ പേരിലുള്ള കുറച്ചു സ്ഥലം വില്‍ക്കാന്‍ ഇട്ടിരുന്നു... അത് എട്ടു മാസം മുന്പ് കച്ചവടമായതായിരുന്നു... കരാര് പ്രകാരം ആറുമാസത്തെ കാലാവധി പറഞ്ഞിരുന്നു.. കാലാവധി തീരാറായപ്പോ അവര്‍ക്ക് ക്യാഷ് ശരിയായില്ല എന്നും പറഞ്ഞ് ആ കച്ചവടം ഒഴിഞ്ഞു.. പിന്നെ പലരും വന്നെങ്കിലും വിലകൊണ്ട് ഒക്കാതിരുന്നകൊണ്ട് ഒന്നും നടന്നില്ല.. അപ്പോഴാ അജുമോന്റെ ഈ ആലോചന വന്നത്.. സ്ഥലം വില്‍പ്പന സമയത്ത് നടക്കില്ല എന്ന് തോന്നിയപ്പോ ഞാന്‍ പണത്തിനു വേണ്ടി ഇവിടത്തെ സഹകരണബാങ്കില്‍ ഞങ്ങളുടെ ഇപ്പോള്‍ താമസിക്കുന്ന സ്ഥലം ഈട് വച്ച് ഒരു ലോണിനു അപേക്ഷിച്ചിരുന്നു.. അത് പാസ്സായി ഇന്നലെ ചെക്ക് വാങ്ങാന്‍ എന്നോട് ചെല്ലാന്‍ പറഞ്ഞിരുന്നതാ... കല്യാണത്തിന്റെ തിരക്ക് കൊണ്ട് ഞാന്‍ ഇന്നാ ചെന്നത്... ചെന്നപ്പോ അവര് പറയാ ചെക്കായിട്ടില്ല, മാനേജര്‍ ലീവാണ്,  അടുത്ത ബുധാനാഴ്ച്ചയേ അയാള് വരൂ, അയാള് വന്നു ചെക്ക് ഒപ്പിട്ടാലല്ലാതെ ക്യാഷ് തരാന്‍ പറ്റില്ല എന്നൊക്കെ... ആ ക്യാഷ് കിട്ടിയിട്ട് വേണം വാങ്ങി വച്ചിരിക്കുന്ന സ്വര്‍ണ്ണം ജുവല്ലറിയില്‍ പോയി എടുക്കാന്‍.. എന്റെ കൈയിലാണെങ്കില്‍ വേറെ കാശുമില്ല... എന്ത് ചെയ്യണം എന്നറിയില്ല മോനേ... എന്റെ മോളുടെ കല്യാണം മുടങ്ങിയാ പിന്നെ ഞങ്ങള് മരിച്ചാ മതി...  തികട്ടി വന്ന വിഷമം ഉള്ളിലൊതുക്കി അദ്ദേഹം കണ്ണീര്‍ തുടച്ചു.. ഞാന്‍ ഒരു നിമിഷം ഉത്തരമില്ലാതെ ഇരുന്നുപോയി.

“..അപ്പോ അങ്കിള് ഈ ബാങ്കില്‍ വന്നതെന്തിനാ..??”

“...ഇവിടെ ഇളയ മോള്‍ക്ക് വേണ്ടി ഞാന്‍ അന്‍പതിനായിരം രൂപ ഫിക്സഡ് ഇട്ടിരുന്നു അതെടുക്കാന്‍ വന്നതാ... ഉള്ളതായല്ലോ.. ബാക്കി ഉണ്ടാക്കിയാ മതീല്ലോന്ന്‍ ഓര്‍ത്തു..”

“... അങ്കിള്‍ വാ നമുക്ക് ആ സഹകരണ ബാങ്കില്‍ ഒന്ന് കൂടി പോയി നോക്കാം...”

“...ഇനി പോയാലും കാര്യമുണ്ടെന്നു തോന്നുന്നില്ല മോനേ...”

“...എന്നാലും  ഒന്നുകൂടി പോയി നോക്കാം അങ്കിള്‍ എന്തെങ്കിലും വഴി കണ്ടാലോ...??” എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം എന്റെ കൂടെ വന്നു.. അവിടന്ന് നടക്കാനുള്ള ദൂരമേ ആ ബാങ്കിലേയ്ക്ക് ഉണ്ടായിരുന്നുള്ളൂ..

💬 Comments

View all comments