Chapter Title : ഏട്ടൻ 6 [RT] [Bonus part]
വരുമ്പോൾ വിഷ്ണു ഒരുറക്കം കഴിഞ്ഞിരുന്നു. കട്ടിലിൽ മുഴുവനായി നിറഞ്ഞു കിടക്കുന്ന അവനെ ഒരു വശത്തു നിന്നും തള്ളി മാറ്റി കുറച്ചു സ്ഥലം കിട്ടിയപ്പോൾ പൂജ അവിടെ കിടന്നു. അവന്റെ മേലെ കിടന്ന പുതപ്പിൽ നിന്നും ഒരറ്റം വലിച്ച് തന്റെ ദേഹത്തേക്കിടുമ്പോൾ ഉറക്കം മുറിഞ്ഞു പോയിരുന്നു വിഷ്ണുവിന്റെ.
“നിനക്ക് വേറെ ഷീറ്റെടുത്തൂടെടി..” ഉണർന്നു പോയ ഈർഷ്യയിൽ അവൻ തിരക്കി.
“പറ്റൂല. എനിക്ക് ഏട്ടനെ കെട്ടിപ്പിടിച്ചു കിടക്കണം.” പൂജ അവന്റെ ദേഹത്തേക്ക് ഒരു കൈയും കാലും കയറ്റി വച്ചു.
വിഷ്ണുവും അനിയത്തിയെ നെഞ്ചിലേക്ക് അടക്കിപ്പിടിച്ചു.
“വല്യച്ഛൻ വിളിച്ചിരുന്നു.”
“മ്മ്..” പൂജ കണ്ണടച്ചുകൊണ്ട് വെറുതെ മൂളി.
“കാട് വെട്ടിത്തെളിക്കാൻ ഞാൻ പറഞ്ഞു. എന്തിനാ തറവാട് അങ്ങനെ അടച്ചു ഇട്ടേക്കുന്നത്? വല്യച്ഛനാണെങ്കിൽ പെണ്ണും പിടക്കോഴിയുമൊന്നുമില്ല…”
“മ്മ്..”
“നമുക്ക് ഇടയ്ക്ക് പോയി നിൽക്കാടി അവിടെ…”
“പെങ്ങളെ കെട്ടിച്ചു വിടുന്നില്ലേ എന്ന് ആങ്ങളയോട് എല്ലാരും തിരക്കും.”
പൂജ കണ്ണുകൾ തുറന്ന് മൂർച്ചയുള്ളൊരു നോട്ടം നോക്കിയവനെ.
“അത് ഞാൻ ഈ ചെവിയിൽ കൂടെ കേട്ട് അടുത്തതിൽ കൂടി കളയും.”
വിഷ്ണു പറയുന്നതിനൊപ്പം ആംഗ്യം കൂടി കാണിക്കുന്നുണ്ട്.
“വല്യച്ഛന്റെ അടുത്ത യാത്രയുടെ അന്ന് നമുക്ക് അങ്ങോട്ട് പോകാമോ?”
“മ്മ്.. പോവാം.”
സമ്മതിച്ചു കൊണ്ട് പൂജ കണ്ണുകളടച്ചു.
അവളുടെ വട്ട മുഖത്തിൽ വിഷ്ണു നോക്കിക്കിടന്നു.
വിഷ്ണുവിന്റെയും പൂജയുടെയും വല്യച്ഛൻ ഒരു ദേശാടനക്കിളിയാണ്. മാസങ്ങളോളം ആളെ കാണാൻ കിട്ടാറില്ല. നോർത്ത് ഇന്ത്യയിൽ ചുറ്റി നടക്കും. ഒരു ദിവസം പറയാതെ വന്നു കേറും. രണ്ട് ദിവസം കാണും. വീണ്ടും പറയാതെ ഒരു പോക്കാണ്. ഇനിയിപ്പോൾ പോയിട്ട് ഒരു തിരിച്ചു വരവ് കാണില്ലെന്നൊക്കെ പറയുന്നുണ്ട്.
💬 Comments
View all comments