Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]
സന്തോഷത്തിൻ്റേതായ ഒരു മൃദുസ്മിതം വിടർന്നു. “പിന്നെ, കുട്ടീ, ഒരു കാര്യം … ”, അരുന്ധതി തുടർന്നു, “അവന് വാസ്തവത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയില്ല. ഞാൻ കുട്ടിയുടെ രൂപത്തിൽ ആയിരുന്നു.” അതു കേട്ടപ്പോൾ അരുന്ധതിയോട് ഉണ്ടായ കൃതജ്ഞതാധിക്യത്താൽ അലീനയുടെ ഭാവം ഒന്നു കൂടി തരളമായി. ഇനിയും നന്ദി പറയാൻ അവൾക്ക് വാക്കുകൾ ഇല്ലായിരുന്നു. വിതുമ്പൽ കടിച്ചമർത്തിക്കൊണ്ട് അലീന ശിരസ്സു കുലുക്കുക മാത്രം ചെയ്തു. അതു കണ്ടപ്പോൾ അരുന്ധതിക്ക് അവളോട് എന്തെന്നില്ലാത്ത അനുകമ്പയും ഇഷ്ടവും തോന്നിപ്പോയി. അരുന്ധതിയുടെ സഹായത്തോടെ അലീന മനുവിനെ പതിയെ താങ്ങിപ്പിടിച്ച് ആ വാകമരത്തിൽ ചാരി അതിൻ്റെ ഒരു തടിച്ച വേരിന്മേൽ ഇരുത്തി. എന്നിട്ട് പൊടുന്നനെ അരുന്ധതിയെ കെട്ടിപ്പിടിച്ച് അലീന അവളുടെ ഇരു കവിളത്തും മാറി മാറി ഉമ്മ വച്ചു. അലീനയുടെ അപ്രതീക്ഷിതമായ സ്നേഹപ്രകടനത്തിൽ ആദ്യം ഒന്ന് അമ്പരന്നെങ്കിലും അരുന്ധതി അവളുടെ കൈകളിൽ ഒതുങ്ങി നിന്നു കൊടുത്ത് അരുന്ധതി അവളുടെ നിറുകയിൽ മുത്തമിട്ടു. തന്റെ കരവലയത്തിൽ നിന്നും അരുന്ധതിയെ മുക്തയാക്കിയപ്പോൾ അലീന കണ്ടത് ആശ്ചര്യജനകമായ ഒരു ദൃശ്യമാണ്. അരുന്ധതിയുടെ ഉടൽ ആകെ സ്വർണവർണമാർന്ന ഒരു പ്രഭാവലയം വന്ന് പൊതിയുന്നു! അദ്ഭുതത്തോടെയും സന്തോഷത്തോടെയും അരുന്ധതി തന്റെ ദേഹത്തിനുണ്ടാകുന്ന മാറ്റം നോക്കിക്കണ്ടു. തന്നെ ശപിച്ച സിദ്ധൻ്റെ വാക്കുകൾ അവൾ ഓർമ്മിച്ചു: "നിഷ്കളങ്കസ്നേഹത്തിൻ്റെ ചുംബനം നിന്നെ ശാപമുക്തയാക്കും." അതെ — സഹസ്രാബ്ദങ്ങളായി താൻ കാത്തിരുന്ന ആ ശുഭനിമിഷം വന്നെത്തിയിരിക്കുന്നു. തനിക്ക് ശാപമോക്ഷം കിട്ടുകയാണ്. “അലീനാ … .” അരുന്ധതി വിളിച്ചു. സ്വർഗകന്യയുടെ ദിവ്യമാധുര്യമാർന്ന സ്വരം. “എന്താ ചേച്ചീ?” ഒരു മോഹനിദ്രയിൽ എന്നതു പോലെ ആയിരുന്നു അലീന സംസാരിച്ചത്. “കുട്ടി എന്നെ ശാപമുക്തയാക്കിയിരിക്കുന്നു.
💬 Comments
View all comments