Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
കലങ്ങിയ കണ്ണുകൾ!
ഞാൻ സീറ്റീൽ പോയിരുന്നു.
വന്നാലുടനെ ഇയാളോട് ചെല്ലാൻ മാഡം പറഞ്ഞിട്ടുണ്ട്. ആ പെണ്ണിരുന്നു വിക്കി.
എൻ്റെ പേര് കേശവൻ എന്നാണ് കേട്ടോ. "ഇയാൾ" അല്ല. ഞാൻ സൗമ്യമായി പറഞ്ഞിട്ട് അവളെ നോക്കിച്ചിരിച്ചു.
എൽസിയും അറിയാതെ മന്ദഹസിച്ചുപോയി...
ഞാനെണീറ്റകത്തേക്ക് നടന്നു. ആ പിന്നേ... അവളുടെയടുത്തെത്തിയപ്പോൾ ഒന്നു കുനിഞ്ഞു... ഇയാള് ചിരിക്കുമ്പഴാണ് കരയുന്നതിനേക്കാൾ ഭംഗി. അവളന്തം വിട്ടുകാണണം. അതിനേക്കാളും അന്തം വിട്ടത് ഞാനാണ്! ഒരു പെണ്ണിനോടും ഇന്നേവരെ ഈ കേശവൻ മുകുന്ദൻ കിന്നാരം പറഞ്ഞ ചരിത്രമില്ല!
കാബിന് രണ്ടു വാതിലുകളുണ്ടായിരുന്നു. ഉള്ളിലെ കതകുകൾ തുറന്നിരുന്നു. സ്പ്രിങ്ങു പിടിപ്പിച്ച ഹാഫ് ഡോറു തുറന്നു ഞാൻ അകത്തേക്കു കടന്നു.
ഗൗരി മാഡം ഏതോ ഫയലു തുറന്ന് വായിക്കുകയായിരുന്നു. ഞാൻ വന്നതറിഞ്ഞ് ഫയലിൽ നിന്നും മുഖമുയർത്താതെ എതിരേയുള്ള കസേരയിലേക്ക് കൈ ചൂണ്ടി. ഞാനിരുന്നു.
രണ്ടു മിനിറ്റ് കേശവൻ. ആ കണ്ണുകളുയർന്നു. എന്നെയൊന്നുഴിഞ്ഞിട്ട് പിന്നെയും താണു.
ആ നീണ്ട മൂക്കൂം കൊഴുത്ത മുടിയും നീളമുള്ള കൺപീലികളും ആകർഷണീയമായ മുഖവും നോക്കി ഞാനിരുന്നു. സമയം ചെലവഴിക്കാൻ ഇതിലും നല്ല വഴി വേറെയുണ്ടോ കോമ്രേഡ്സ്?
മാഡം ഫയൽ മടക്കി. നിവർന്നിരുന്നു. എന്നെ ഉറ്റുനോക്കി. സീ കേശവൻ. മുകുന്ദൻ സാറിൻ്റെ മകനായതുകൊണ്ടു മാത്രമാണ് കേശവനെ ഇവിടെ രണ്ടു മാസത്തേക്ക് അപ്രൻ്റീസായി എടുക്കാമെന്ന് ഞാൻ അലക്സിച്ചായനോട് സമ്മതിച്ചത്. കണ്ടില്ലേ! അവർ വെളിയിലേക്കു നോക്കി. ഈ ഡിപ്പാർട്ട്മെൻ്റ് നടത്തിക്കൊണ്ടു പോവാൻ... ഐ ആം സ്റ്റ്രഗ്ലിങ്ങ്. അതുകൊണ്ട് ദയവായി ഉപകാരമൊന്നും ചെയ്തില്ലെങ്കിലും ഒരുപദ്രവമാവരുത്. ഡൂ ഐ മേക്ക് മൈസെൽഫ് ക്ലിയർ? അവരെന്നെ തറപ്പിച്ചു നോക്കി.
എനിക്കെന്തോ ഉള്ളിൽ ചിരിയാണ് വന്നത്. എൻ്റെ ലക്ഷ്യം ഇവിടെനിന്നും ഇത്തിരി പ്രാക്റ്റിക്കൽ നോളഡ്ജ് കരസ്ഥമാക്കുക എന്നതാണ്. ഞാനൊരിക്കലും ഒരു ശല്ല്യമാവില്ല മാഡം. ഞാനാ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
ശരി... ആ വിടർന്ന കണ്ണുകൾ തീരെ മൃദുവായില്ല. യൂ കാൻ സ്റ്റാർട്ട്. ശങ്കരൻ സർ വിൽ ഹെൽപ്പ് യൂ. ഇതൊരു ലോൺ ഡിപ്പാർട്ട്മെൻ്റാണ്. സോ യൂ നീഡ് റ്റു ചെക്ക് ദി ഡോക്കുമെൻ്റ്സ്.
ഞാനിറങ്ങി. ഈ പെണ്ണുമ്പിള്ളയെ അങ്ങവഗണിക്കണതാണ് നല്ലതെന്നു തോന്നി.
അടുത്ത ദിവസങ്ങൾ ഞാൻ നന്നായി പണിയെടുത്തു. ഗൗരി മാഡത്തിനെ പൂർണ്ണമായും അവഗണിച്ചു. അവരെന്നേയും. ഞാനൊരു ന്യൂയിസൻസ് ആയിരുന്നിരിക്കണം!
ഈ ലോൺ ഡിപ്പാർട്ട്മെൻ്റിൽ പാതിയോളം അപേക്ഷകളും, പേഴ്സണൽ ലോണുകളാണ്. ഇതിൽ ഈടുവെയ്പില്ല. ബാക്കി പാതി വല്ല സ്വർണ്ണവും ഈടു വെച്ചിട്ട് ലോണെടുക്കുന്നത്. വല്ലപ്പോഴും വാഹനങ്ങളോ മറ്റോ വാങ്ങാൻ വേണ്ടിയുള്ള ലോണപേക്ഷകളും വരാറുണ്ട്.
💬 Comments
View all comments