Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]
മണൽ വിരിച്ച അതിവിശാലമായ മുറ്റത്തിന്റെ ഒത്ത നടുവിലായി തലയെടുപ്പോടെ നിൽക്കുന്ന കരിങ്കല്ലിൽ തീർത്ത തുളസിത്തറ. നാലുകെട്ടിന്റെ പൂമുഖത്തേക്ക് കയറാൻ വീതിയേറിയ പടവുകൾ. അവിടെ നീളത്തിൽ കൊത്തുപണികൾ ചെയ്ത മരത്തൂണുകളും തിളങ്ങുന്ന ചാരുപടിയും കാണാമായിരുന്നു. മുറ്റത്തിന്റെ വശങ്ങളിലായി ചെത്തിയും, നന്ത്യാർവട്ടവും, പിച്ചകവും പൂത്തുനിൽക്കുന്നുണ്ടായിരുന്നു. മഴ നനഞ്ഞ അവയിൽ നിന്നും ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾക്ക് പോലും വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
എന്നാൽ ആ നാലുകെട്ടിനോട് ചേർന്ന് തന്നെ, അതിലും വലിയ ഗാംഭീര്യത്തോടെയായിരുന്നു ആ വലിയ മന സ്ഥിതി ചെയ്തിരുന്നത്.
ഒറ്റനോട്ടത്തിൽ തന്നെ ആരെയും ഭ്രമിപ്പിക്കുന്ന രാജകീയ പ്രൗഢിയുണ്ടായിരുന്നു അതിന്.
കാർമേഘങ്ങളെ തൊടാൻ നിൽക്കുന്നതുപോലെയുള്ള അതിന്റെ ഉയർന്ന മേൽക്കൂരയും മാളികപ്പുറവും കാലപ്പഴക്കത്തിന്റെ കഥകൾ വിളിച്ചോതുന്നതായിരുന്നു. മനയുടെ വലിയ ഇരുളൻ മരവാതിലുകളിലും ജനലുകളിലും അതിസൂക്ഷ്മമായ കൊത്തുപണികൾ ചെയ്തിട്ടുണ്ട്. ആ വിശാലമായ മുറ്റത്ത് തണൽ വിരിച്ച് വലിയ കൂറ്റൻ മാവുകളും പ്ലാവുകളും നിൽപ്പുണ്ട്. അതിനെല്ലാം നടുവിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വലിയ ഇലഞ്ഞിമരം. മഴയത്ത് കൊഴിഞ്ഞുവീണ ഇലഞ്ഞിപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം ആ അന്തരീക്ഷത്തിലാകെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
അഹങ്കാരത്തോടെ നടന്നു വന്ന തനുവിന്റെ കാലുകൾ ആ കാഴ്ചയ്ക്ക് മുന്നിൽ അറിയാതെ നിന്നുപോയി. അവളുടെ കൊച്ചിയിലെ വിലകൂടിയ കോൺക്രീറ്റ് ബംഗ്ലാവിനൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത വല്ലാത്തൊരു വശ്യതയും പ്രൗഢിയുമായിരുന്നു ആ രണ്ട് തറവാടുകൾക്കും ഉണ്ടായിരുന്നത്.
താൻ കരുതിയത് പോലെയുള്ള ഒരു സാധാരണ ഗ്രാമമല്ല ഇതെന്ന സത്യം അവൾ പതിയെ തിരിച്ചറിയുകയായിരുന്നു....
ആ കാഴ്ച കണ്ട് വിസ്മയിച്ചു നിന്ന തനു ആകാംക്ഷയോടെ ജാനകിയുടെ കൈകളിൽ പിടിച്ചു വലിച്ചു.
"ജാനു... ഇതിൽ ഏതാഡി നിന്റെ വീട്?"
അവളുടെ ശബ്ദത്തിൽ ചെറിയൊരു നെഞ്ചിടിപ്പുണ്ടായിരുന്നു.
💬 Comments
View all comments