0%

Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

എൻ്റെയും അവളുടെയും ഭാവി തീരുമാനിക്കാൻ പോകുന്നതെന്ന ഭാരം എന്നെ വല്ലാതെ ഞെരുക്കുകയായിരുന്നു…..

ആൽമരച്ചുവട്ടിലെ ആ തണുത്ത കാറ്റിലും എന്റെ ശരീരം വിയർക്കുന്നുണ്ടായിരുന്നു. എന്ത് പറയണമെന്നോ, എങ്ങനെ തുടങ്ങണമെന്നോ എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല. എന്നെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കാൻ എനിക്ക് വല്ലാത്ത ഭയം തോന്നി.

"എടി... ഇത് നീ കേൾക്കുമ്പോൾ എങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്കറിയില്ല. എന്നാലും നീ ഇത് മനസ്സിലാക്കിയേ മതിയാകൂ."

ഞാൻ വളരെ പതുക്കെ, വാക്കുകൾ പെറുക്കിയെടുത്ത് പറഞ്ഞു തുടങ്ങി.

അതുകേട്ടതും അവളുടെ മുഖത്തെ സംശയം ഒന്നുകൂടി വർദ്ധിച്ചു.

"എടാ നീ ഇത് എന്തൊക്കെയാ വിളിച്ചു പറയുന്നേ? വട്ടു വല്ലതും ആയോ നിനക്ക്?"

അവൾക്കത് വെറുമൊരു തമാശയായിട്ടോ എന്റെ എന്തോ ഭ്രാന്തായിട്ടോ മാത്രമേ തോന്നിയുള്ളൂ.

"എടി, ഞാൻ സീരിയസ് ആയിട്ടാ സംസാരിക്കുന്നേ..."

എന്റെ ശബ്ദത്തിലെ ഗൗരവം കണ്ട് അവളുടെ മുഖത്തെ ചിരി മാഞ്ഞു.

"ഞാൻ ഇപ്പോ അത് എങ്ങനെയാ പറയുക... എടി, അമ്മ എനിക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു. അന്ന് ഞാൻ ചുമ്മാ അമ്മയോട് ഒരു കാര്യം ചോദിച്ചു.

അമ്മയ്ക്ക് പണ്ട് പ്രണയം വല്ലതും ഉണ്ടായിരുന്നോ എന്ന്. കാരണം പ്രണയിക്കാത്തവരായിട്ട് ആരും ഉണ്ടാവില്ലല്ലോ."

ഞാൻ പറയുന്നത് പൂർണ്ണമായും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും, വല്ലാത്തൊരു ആകാംക്ഷയോടെയും അതിലേറെ ശ്രദ്ധയോടെയുമാണ് അവൾ കേട്ടുകൊണ്ടിരുന്നത്.

"ആദ്യം അമ്മ എന്നോട് പറയാൻ മടി കാണിച്ചു. പക്ഷെ എന്റെ നിർബന്ധം കാരണം ഒടുവിൽ അമ്മ പറഞ്ഞു... അമ്മ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു പയ്യനെ ഭയങ്കര ഇഷ്ടമായിരുന്നു എന്ന്.

ആ ഇഷ്ടം വളരെ കാലം നീണ്ടുനിന്നു. എന്നാൽ..."

എന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി.

💬 Comments

View all comments