0%

Chapter Title : കാഞ്ഞിരക്കുറ്റി 11 [ലസ്റ്റർ] [Climax]

അമ്മുവും അവരോടൊപ്പം ആ വാഹനത്തിൽ കയറി.

"ഇവർ നമ്മുടെ തറവാടിന്റെ അടുത്തുള്ളവർ തന്നാ. എന്ത് സഹായത്തിനും അവർ കൂടെയുണ്ടാവും. ഞാൻ അവർക്ക് വേണ്ടത് ചെയ്തു കൊടുക്കുന്നുണ്ട്."

വണ്ടിയുടെ മുൻസീറ്റിൽ ഇരിക്കുന്ന അമ്മുവിനോട് രാജൻ പറഞ്ഞു. അവൾ തലയാട്ടി. അമ്മു പക്ഷെ ആ യുവാക്കൾ തന്റെ ശരീരത്തെ ആർത്തിയോടെ നോക്കുന്നത് അറിഞ്ഞില്ല. തങ്ങൾ കൊന്നു തള്ളിയ ശരീരം എങ്ങിനെയും ഒഴിവാക്കുക എന്ന ചിന്ത മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. വാഹനം രാജനെ കടന്ന് പിന്നിലേക്ക് നീങ്ങി റോഡിലേക്ക് പ്രവേശിച്ചു ഇരുണ്ടു തുടങ്ങിയ സന്ധ്യയിലൂടെ ശരത്തിന്റെ ശവവും പേറി പാഞ്ഞുപോയി. തന്റെ വാഹനത്തിന്റെ അടുത്തേക്ക് നടന്ന രാജൻ കാറിൽ കയറി അവർ പോയ വഴിയിലേക്ക് വാഹനം ഓടിച്ചു.

രാജൻ പറഞ്ഞു നിർത്തിയപ്പോൾ വാഹിദ് അമ്മുവിന്റെ മുഖത്തേക്ക് നോക്കി. അവൾക്ക് യാതൊരു ഭാവമാറ്റവും ഇല്ലായിരുന്നു. വളരെ ശാന്തയായി തലതാഴ്ത്തി ഇരിക്കുകയാണ്. ആതിര അമ്മുവിനെയും വാഹിദിനെയും നോക്കി. കിഷോർ ഇനിയെന്താണ് ചോദിക്കേണ്ടത് എന്ന ആലോചനയിൽ അൽപനേരം മൗനമായി ഇരുന്നതിനു ശേഷം പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു.

"പിന്നെന്തിനാണ് ശാരികയെ ഇല്ലാതാക്കിയത്? മകളുടെ കാമുകനെ അവൾക്ക് തിരികെ കൊടുക്കാൻ വേണ്ടിയോ?"

കിഷോർ ഒരു കവിൾ പുക നീട്ടി ഊതിയിട്ടു രാജനോട് ചോദിച്ചു. ഇരുട്ടും വെളിച്ചവും രഹസ്യം പറയുന്ന ആ വിശാലമായ മുറിയിൽ നീലിമ കലർന്ന പുകപടളങ്ങൾ വളഞ്ഞുപുളഞ്ഞു വായുവിൽ അലിഞ്ഞു ചേർന്നു. രാജൻ അമ്മുവിനെ നോക്കിയിട്ട് കിഷോറിനു നേരെ മുഖം തിരിച്ചു.

"ഒരിക്കലുമല്ല. ഒരു പുരുഷനെ ഇഷ്ടമാണെങ്കിൽ അവനെ സ്വന്തമാക്കാനുള്ള ഉത്തരവാദിത്തം അവൾക്കാണ്. മറ്റൊരാളെ കൊന്ന് അവനെ അവൾക്ക് ദാനം ചെയ്യാൻ മാത്രം വിഡ്ഢിയായ അച്ഛനല്ല ഞാൻ."

രാജൻ ഉറച്ച ശബ്ദത്തിൽ കിഷോറിനെ തിരുത്തി. വാഹിദിനു ആ നിലപാടിനോട് മതിപ്പു തോന്നി. പിന്നെന്തിനാണ് രാജൻ അവളെ കൊന്നുകളഞ്ഞതെന്ന് അവന് അറിയാവുന്ന കാര്യമാണ്. എങ്കിലും രാജൻ അത് ഏറ്റുപറയുന്നത് കേൾക്കാൻ അവനൊരു താത്പര്യം തോന്നി. കാരണം കമ്പനി തട്ടിയെടുക്കാൻ താനാണ് അവളെ കൊന്നുകളഞ്ഞതെന്ന് പറഞ്ഞു നടന്നത് രാജൻ തന്നെയായിരുന്നു.

വാഹിദ് കാര്യങ്ങളൊക്കെ എലിസബത്തിൽ നിന്ന് മനസ്സിലാക്കിയപ്പോൾ എലിസബത്തിനെ തീർത്തുകളയാൻ ആയിരുന്നു ആദ്യം പ്ലാൻ ചെയ്തത്.

💬 Comments

View all comments