Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]
പിന്നിൽ കയറി കഴിഞ്ഞപ്പോൾ ബുള്ളറ്റ് ഗ്രാമത്തിലെ നിതാന്ത നിശബ്ദതയിൽ ഇടിമുഴക്കം തീർത്തുകൊണ്ട് പുറത്തേക്ക് പാഞ്ഞു. സ്‌കൂൾ കഴിഞ്ഞു കുറച്ച് ദൂരം മുന്നോട്ട് പോയി കയറ്റം കയറി വണ്ടി കല്ലാപുരം ഭാഗത്തേക്ക് പാഞ്ഞുപോയി.
കുറച്ച് ദൂരം കഴിഞ്ഞു വളവിലെത്തിയപ്പോൾ മുന്നിലെ വിശാലമായ പറമ്പിന്റെ ഭിത്തിയിൽ, ഇരുട്ടിൽ നിന്ന് ഒരു കറുത്ത പട്ടി തങ്ങളെത്തന്നെ നോക്കിനിൽക്കുന്നത് വളവു തിരിയുന്ന വണ്ടിയുടെ ഹെഡ്‌ലൈറ്റിന്റെ ഒരു മിന്നായ വെളിച്ചത്തിൽ ആതിര കണ്ടു. അവൾക്ക് പെട്ടന്നൊരു ഭയം തോന്നിയിട്ട് മുന്നോട്ട് നീങ്ങി വാഹിദിനോട് ചേർന്നിരുന്നു.
"നിങ്ങൾ അത് കണ്ടായിരുന്നോ.?" അവൾ അവൻ കേൾക്കാൻ പാകത്തിൽ കുറച്ചുറക്കെ ചോദിച്ചു.
"ആ പട്ടിയല്ലേ. ഞാൻ കണ്ടിരുന്നു." അവനും അതേ ഉച്ചത്തിൽ മറുപടി നൽകി. ഒപ്പം കൂട്ടിച്ചേർത്തു.
"നമ്മൾ അന്വേഷിക്കുന്ന യഥാർഥ്യങ്ങളും ആ പട്ടിയും തമ്മിൽ എന്തോ ബന്ധമുണ്ട്. ഞാനിത് രണ്ടാം തവണയാണ് അതിനെ കാണുന്നത്." അവൻ പറഞ്ഞു.
"എനിക്ക് എന്തോ ഒരു പേടിപോലെ. ഇനി ഈ കേൾക്കുന്നതൊക്കെ വല്ലതും സത്യമായിരിക്കുമോ. കാഞ്ഞിര മരം.. പ്രേതം.." അവളുടെ സംസാരത്തിൽ ഉറഞ്ഞുകിടക്കുന്ന ഭയം അവൻ തിരിച്ചറിഞ്ഞു. അവൻ പക്ഷേ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അവളും പിന്നെ ഒന്നും പറയാൻ പോയില്ല.
പക്ഷേ കുറേക്കൂടി അവനോട് ചേർന്നിരുന്ന ആതിര ഒരു ആശ്രയം കണ്ടെത്തുന്നത് പോലെ രണ്ടു കൈകളും വാഹിദിന്റെ ചുമലിൽ പിടിച്ചു. പക്ഷേ വാഹിദിന്റെ ശ്രദ്ധ അതിലായിരുന്നില്ല, ബൈക്കിന്റെ കണ്ണാടിയിൽ, കുറച്ചുദൂരം തങ്ങൾക്ക് പിന്നാലെ ഓടിവന്നിട്ട് ഒരു സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നിശ്ചലമായിനിന്ന്, തങ്ങളെ തന്നെ നോക്കിനിൽക്കുന്ന ആ കറുത്ത പട്ടിയിലായിരുന്നു.
(തുടരും)
💬 Comments
View all comments