Chapter Title : കോബ്രാഹില്‍സിലെ നിധി 17 [Smitha]
തന്നെ പ്രാര്‍ത്ഥന. പൂജാമുറിയില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥനാ നിരതയായിരിക്കും അവള്‍. ദേവീസ്തവങ്ങളാലപിക്കും. വൃക്ഷപൂജ, പശു പക്ഷി പൂജ എന്നിവയും മുറതെറ്റാതെ അവള്‍ പാലിച്ച് പോന്നു. പിന്നെ ജലപാനം പോലും കൂടാതെയുള്ള കഠിന ഉപവാസവും. പ്രഭാതത്തില്‍ തന്നെ പൂജാപുഷ്പങ്ങളുമായി അവള്‍ രാഹുലിന്‍റെ ക്വാര്‍ട്ടേഴ്സിലേക്ക് പോകും. അയാളുടെ മുറികളും പരിസരങ്ങളുമെല്ലാം വൃത്തിയാക്കിയിടും. പൂജാ സമയത്ത് അയാളെ സഹായിക്കും. രാഹുലും പതിവ് തെറ്റാതെ കൊട്ടാരത്തില്‍ എത്തികൊണ്ടിരുന്നു. ദിവ്യയെ യോഗധ്യാനം പഠിപ്പിക്കാന്‍. സദാസ്വപ്ന ലോകത്തായിരുന്നെങ്കിലും അവള്‍ അയാളുടെ പാഠങ്ങള്‍ തെറ്റാതെ അഭ്യസിച്ചു. അയാളെ സംതൃപ്തനാക്കുന്നതില്‍ അവള്‍ ആനന്ദം കണ്ടെത്തി. അയാളില്‍ നിന്ന്‍ എപ്പോഴും അഭിനന്ദനങ്ങള്‍ കിട്ടുന്നതില്‍ അവള്‍ വിജയിച്ചു. മോശം വിദ്യാര്‍ഥിനി എന്ന്‍ ഒരിക്കല്‍പ്പോലും അയാളുടെ മനസ്സില്‍ തന്നെക്കുറിച്ച് തോന്നിപ്പിക്കരുതെന്ന് അവള്‍ സ്വയം നിഷ്ക്കര്‍ഷിച്ചിരുന്നു. ********************************************* ഒരു പ്രഭാതത്തില്‍, പതിവ് പോലെ പൂജാപുഷ്പ്പങ്ങളുമായി ദിവ്യ രാഹുലിന്‍റെ ക്വാര്‍ട്ടേഴ്സിലെത്തി. രാഹുല്‍ മുറിയിലുണ്ടായിരുന്നില്ല. ക്വാര്‍ട്ടേഴ്സിനു പിമ്പില്‍ ഒരു മാന്തോപ്പായിരുന്നു. അവയിലൊരു മാഞ്ചുവട്ടിന്‍റെ ചുവട്ടില്‍ നിന്നാണ് അയാള്‍ ഗായത്രി മന്ത്രങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നത്. അയാള്‍ക്ക് പൂര്‍ണ്ണ ഏകാഗ്രത ആവശ്യമാണ് എന്നറിയാവുന്നതുകൊണ്ട് ആ സമയത്ത് അവള്‍ അവിടെ പോകുമായിരുന്നില്ല. അവള്‍ പതിവ് പോലെ അയാളുടെ മുറി അടിച്ചുവൃത്തിയാക്കുവാന്‍ തുടങ്ങി. രാഹുല്‍ അവളെ പലതവണ വിലക്കിയിട്ടുള്ളതാണ്. അവള്‍ പക്ഷെ അതൊന്നും കൂട്ടാക്കിയില്ല. അതുകൊണ്ടു തന്നെ അവള്‍ വരുന്നതിനു മുമ്പുതന്നെ മുറികളെല്ലാം അയാള്‍ വൃത്തിയാക്കിവെക്കുമായിരുന്നു. അന്ന്‍ രാഹുലിന്‍റെ ഓഫീസ് മുറിയില്‍ മേശപ്പുറത്ത് പുസ്തകങ്ങള്‍ ചിതറിക്കിടന്നിരുന്നു. നിലത്ത് കടലാസ് കഷണങ്ങള്‍ അവള്‍ കണ്ടു. അവള്‍ ഉടനേ ചൂലെടുത്ത് അതൊക്കെ അടിച്ചുവാരി ഡസ്റ്റ് ബിന്നിലിട്ടു പുറത്ത് കൊണ്ടുപോയി കളഞ്ഞു. തിരികെ മുറിയിലെത്തി മേശപ്പുറത്തെ പുസ്തകങ്ങള്‍ അടുക്കിവെയ്ക്കാന്‍ തുടങ്ങി.
💬 Comments
View all comments