Chapter Title : കോകില മിസ്സ് 5 [കമൽ]
മറയുന്നത് വരെ അവർ പരസ്പരം നോക്കാതെ ഒരാൾ മറ്റെയാൾക്ക് വേണ്ടി ചിരിച്ചു. ഒരു ക്ലാസിക് തിരിഞ്ഞു നോട്ടം ജിതിൻ പ്രതീക്ഷിക്കാതിരുന്നില്ല. അയ്യേ, വേണ്ട. ബോറ് പരുവാടി. ഹാ... പ്രേമം അല്ലെങ്കിലും എത്ര അല്ലെന്ന് സമർത്ഥിച്ചാലും അവസാനം പൈങ്കിളി തന്നെ. എന്നാലും, ഈ പെണ്ണുങ്ങളുടെ മനസ്സ് പിടി കിട്ടുന്നില്ലല്ലോ, ഇപ്പൊ കിട്ടിയത് ഗ്രീൻ സിഗ്നലാണോ അതോ റെഡ്ഡോ? ആവോ... എന്തായാലും അവളെ തന്നെക്കൊണ്ട് മറക്കാനൊന്നും സാധിക്കില്ല എന്ന് ജിതിന് മനസ്സിലായി.
പിറ്റേന്ന് ഞായർ, അവധി ദിവസം. സോണി ഇന്ന് വീട്ടിൽ വരാമെന്ന് പറഞ്ഞതാ. അമ്മയും അച്ഛനും വീട്ടിലുണ്ട്. മണി മൂന്നായി. അവന്റെ വീട്ടിലെ നമ്പർ ഓർമ്മയുണ്ട്. ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി ടെലഫോണിനടുത്തെത്തിയപ്പോൾ പുറത്ത് കോളിങ് ബെൽ അമർന്നു. പിന്നാലെ അനുവാദം ചോദിക്കാതെ സോണി ഉള്ളിലേക്ക് കയറി. അവനിങ്ങനെയാണ്. ജിത്തൂന്റെ വീട്ടിലേക്ക് കയറി വരാൻ അവൻ ആരോടും അനുവാദം ചോദിക്കില്ല. പക്ഷേ, ജിതിന്റെ അച്ഛനെ അവന് പേടിയാണ്. പ്രഭാകരന്റെ കാടൻ കൂട്ടുപുരികവും മുള്ളൻപന്നി മീശയും തീക്ഷണഭാവവും കണ്ടാൽ ആർക്കും ഒന്ന് തോന്നും, അളിയൻ ഇച്ചിരി മുറ്റാണെന്നു. “ഹാ.. വന്നല്ലോ, എന്തുണ്ട് സോണിമോനെ വിശേഷം?” അംബികാമ്മ ഒരു ആഴ്ചപ്പതിപ്പും ചുരുട്ടിക്കൊണ്ട് അങ്ങോട്ടേക്ക് വന്നു. “ആ, നല്ല വിശേഷം അംബികാമ്മെ, “ “കുറെയായല്ലോ കണ്ടിട്ട്? പഠിപ്പൊക്കെ എങ്ങിനെ പോണു? ഇപ്പോ എന്താ ഇങ്ങോട്ട്?” “അവൻ പുതിയ പ്രോജക്ടിന്റെ ഡിസ്കഷന്, എന്നെ സഹായിക്കാൻ വന്നതാമ്മേ.” സോണി എന്തെങ്കിലും അബദ്ധം പറഞ്ഞു ചളമാക്കുന്നതിന് മുന്നേ ജിതിൻ ചാടിക്കയറി പറഞ്ഞു. “വാടാ...” ജിതിൻ അന്തിച്ചു നിന്ന സോണിയുടെ കയ്യും പിടിച്ചു മുകളിലേക്ക് പോയി.അംബികാമ്മ ചിരിച്ചു
💬 Comments
View all comments