Chapter Title : കുമ്പസാരം 2 [Master]
പോവാണേ അച്ചോ”
ഔതയുടെ പതിവ് ശബ്ദം കേട്ടപ്പോള്‍ തലയുയര്‍ത്താതെ അച്ചന്‍ മൂളി.
അയാള്‍ പോയിക്കഴിഞ്ഞ് ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു വാഹനത്തിന്റെ ശബ്ദം അച്ചനെ ഉണര്‍ത്തി. ഗേറ്റ് കടന്നു വരുന്ന കുര്യന്‍ മുതലാളിയുടെ വെള്ള മെഴ്സിഡസ് കണ്ടപ്പോള്‍ അദ്ദേഹം പുസ്തകം മടക്കി. വണ്ടി മേടയുടെ സമീപമെത്തി നിന്നു. ഡ്രൈവിംഗ് സീറ്റില്‍നിന്നും ഇറങ്ങിയത് മുതലാളി തന്നെയായിരുന്നു.
ആറടി ഉയരവും കഷണ്ടി കയറിയ ശിരസ്സും, ഒത്ത ശരീരവുമുള്ള ഒരു മധ്യവയസ്കന്‍ ആയിരുന്നു കുര്യന്‍ മുതലാളി. നല്ല നിറം. ദേഹമാകെ രോമമുണ്ട്, പക്ഷെ തലയില്‍ തീരെയില്ല. എങ്കില്‍പ്പിന്നെ തലയിലും മുഖത്തും രോമമേ വേണ്ട എന്ന തീരുമാനം എടുത്തപോലെ അദ്ദേഹം സദാ ക്ലീന്‍ ഷേവ് ആയിരുന്നു. രോമത്തിന്റെ അഭാവത്തിലും ആ മുഖസൌന്ദര്യം ആരെയും ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു.
“ഗ്ലോറി ടു ജീസസ് ഫാദര്‍” മുതലാളി അടുത്തെത്തി അച്ചനെ വണങ്ങി.
“ഇപ്പോഴും എല്ലായ്പ്പോഴും” അച്ചന്‍ പുഞ്ചിരിച്ചു.
“ഇന്ന് പോയില്ലേ?” അച്ചന്‍ കുശലം ചോദിച്ചു.
“പോണം. അച്ചനെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി”
“അത്യാവശ്യം വല്ലതും?”
“ഒന്ന് കുമ്പസാരിക്കണം അച്ചോ” ദുര്‍ബ്ബലമായ ശബ്ദത്തില്‍ മുതലാളി പറഞ്ഞു.
അച്ചന്റെ പുരികങ്ങള്‍ ചുളിഞ്ഞു. സംശയത്തോടെ അദ്ദേഹം കുര്യനെ നോക്കി.
“എന്തുപറ്റി?” സാധാരണ ചെറിയ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും ഉടനെത്തി ഏറ്റുപറയുന്ന കുര്യന്‍ മുതലാളിയുടെ സ്വഭാവം അറിഞ്ഞിരുന്ന അച്ചന്‍ പക്ഷെ ഇന്നത്തെ വരവില്‍ സംശയമുണ്ടായിരുന്നു. അതിലേറെ ആശങ്കകളും.
“പറയാം അച്ചോ”
“ശരി, മുതലാളി പള്ളിയിലോട്ട് പൊക്കോ. ഞാനെത്താം”
“ശരി അച്ചോ”
അദ്ദേഹം പള്ളിയിലേക്ക് പോയപ്പോള്‍ അച്ചന്‍ വേഷം മാറാനായി ഉള്ളിലേക്ക് കയറി.
മുതലാളി അസ്വസ്ഥതയോടെ പള്ളിയുടെ മുന്‍പിലെ ബെഞ്ചില്‍ അച്ചനെയും കാത്തിരുന്നു.
💬 Comments
View all comments