Chapter Title : മാമലക്കണ്ടത്തെ മാസ്മരിക നിബിഡ വനത്തിലൂടെ ഞാനും എൻ്റെ പാത്തുവും
മുനിയറകളിൽ കാട്ടു തേനൊഴിച്ച് പായസം വെച്ചാൽ മഴ പെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു ജനത ജീവിക്കുന്നിടം. നാല് വശവും കാട്. ഏത് പൊസിഷനിൽ നിന്ന് നോക്കിയാലും ചുറ്റിനും മലനിരകൾ. അതിന് മുകളിൽ അങ്ങിങ്ങായി വെള്ളിനൂൽപോലെ ഒഴുകുന്ന നീർച്ചാലുകൾ. “അവ എവിടെ നിന്ന് ഉത്ഭവിക്കുന്നുവെന്നോ എവിടേക്ക് വീഴുന്നുവെന്നോ എന്നത് മിഴികൾക്ക് ഒരത്ഭുതമായി മാറുന്നു.”
അങ്ങിനെ ചോയ്ച്ച് ചോയ്ച്ച് ഇടറോഡുകളിൽ നിന്നും ഇടറോഡുകളിലൂടെ… എല്ലാ യാത്രകളിലും പലരോടും പലതും ചോദിച്ചറിയുക എന്നത് ഒരു ശീലമാണ്. പോകുന്നവഴിക്കെല്ലാം മരങ്ങളിൽ കൊക്കോ ഫ്രൂട്ട് വിളഞ്ഞു നിൽക്കുന്നു. വേണമെന്ന പാത്തുവിന്റെ ആഗ്രഹം മനസ്സിലാക്കിയിട്ടാകണം ഒരു കുടിലിലേക്ക് കയറിച്ചെന്ന ഞങ്ങൾക്ക് ആദിവാസിക്കുട്ടികൾ സ്നേഹപൂർവ്വം പഴം വച്ചു നീട്ടി.
മാമലക്കണ്ടവും പിന്നിട്ട് ഞങ്ങൾ ഇളംപ്ലാശേരി എത്തി. അവിടെയാണ് ചെക്ക് പോസ്റ്റ്. മേൽപറഞ്ഞ ആ 30′ കിലോമീറ്ററിലേക്കുള്ള കവാടം. മൂന്നാറിലേക്ക് മുങ്ങാം കുഴിയിട്ട് പോകാനുള്ള ആ പഴയ രാജപാതയുടെ തുടക്കം. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളും പാമ്പുകളും വസിക്കുന്നിടം. ആ വഴിയിലേക്ക് ഒരീച്ചയെപോലും കടത്തിവിടാതെ ചെക്ക് പോസ്റ്റിൽ കർമ്മ നിരതനായിരിക്കുന്ന ഓഫീസർ – അലി മുഹമ്മദ്. പരിചയപെട്ടു, കാടിന്റെ വിശേഷങ്ങളെല്ലാം പറഞ്ഞും അറിഞ്ഞും തിരികെ പോരാൻ നേരം ഞാൻ ആ ഓഫീസറോട് ഒരു ഉറപ്പ് മേടിച്ചെടുത്തു.
“ആദിവാസികളുടെ സഹായത്തോടെ ഇനി ഒരിക്കൽ സാറ് ഈ വഴിക്ക് പോകുമ്പോൾ കൂടെ എന്നെയും കൊണ്ടുപോണം. ഒരിക്കലെങ്കിലും ആ വഴിയിലൂടെ എനിക്കുമൊരു യാത്ര പോകണം. ഞാൻ ഒന്നുകൂടി വരും, അന്ന് നമുക്ക് വേണ്ടി സർ, ഈ ചെക്ക്പോസ്റ്റ് മലർക്കെ തുറക്കണം”..!
💬 Comments
View all comments