Chapter Title : സാഗരസർഗ്ഗം [ഭൂതത്താൻ]
ഇത്തവണ അവൻ നിവർന്നിരുന്നു.
ചുറ്റുമുള്ള കാഴ്ചകളിലൂടെ അവനൊന്ന് കണ്ണോടിച്ചു. അകലെയായി നീലനിറത്തിൽ പരന്നുകിടക്കുന്ന കടൽ! പ്രഭാതസൂര്യന്റെ ഇളംകിരണങ്ങൾ വെള്ളത്തിനുമേൽ പതിഞ്ഞ് ചെറിയ വെള്ളിവരകൾ തീർക്കുന്നുണ്ട്. വശങ്ങളിൽ തട്ടിയ തിരമാലകൾ നേർത്ത ശബ്ദത്തോടെ പിന്നിലേക്ക് ഒഴുകിമാറുന്നു. കടൽക്കാറ്റ് വീശിയെത്തി അവന്റെ മുഖത്തും മുടിയിഴകളിലും തഴുകി കടന്നുപോയതും, താൻ കിടക്കുന്നത് ഒരു ചെറിയ പായ്ക്കപ്പലിലാണെന്ന് അമ്പരപ്പോടെ അവൻ തിരിച്ചറിഞ്ഞു. ഒരു വലിയ ബോട്ടിന്റത്ര മാത്രം വലുപ്പമുള്ളൊരു കുഞ്ഞൻ പായ്ക്കപ്പൽ. മുന്നിൽ ഉയർന്നുനിൽക്കുന്ന മരത്തൂൺ അതിന്റെ പായ്മരമായിരുന്നു. തറയിലെ മരപ്പലകകൾക്കപ്പുറം കപ്പലിന്റെ വശങ്ങളിലെ കൈവരികൾ കാണാം. അവയ്ക്കപ്പുറം കണ്ണെത്താദൂരത്തോളം കടൽ മാത്രം.
അഖിൽ കൈകൾ നിലത്തൂന്നി എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ, ഇടതുകൈ നിലത്തൂന്നിയതും വേദനകൊണ്ട് അവന്റെ മുഖം ചുളിഞ്ഞു. തോളിനും കൈമുട്ടിനും ഇടയിലുള്ള ഭാഗത്ത്, ബൈസെപ്സിനടുത്തായി വല്ലാത്തൊരു വിങ്ങൽ. വലതുകൈകൊണ്ട് ആ ഭാഗത്ത് പതിയെ തടവിനോക്കിയപ്പോൾ ചെറിയൊരു ചതവും നേരിയ വീക്കവും അനുഭവപ്പെട്ടു. പെട്ടെന്ന് അഖിലിന്റെ മനസ്സിൽ മങ്ങിയ ഒരു ഓർമയുടെ ചിതറിയ അംശം തെളിഞ്ഞു.
അവ്യക്തമായൊരു മുറി. താൻ എവിടെയോ കിടക്കുകയാണ്. ചുറ്റിലും ആരൊക്കെയോ നിൽക്കുന്നുണ്ട്. മുഖത്തേക്ക് ടോർച്ച് അടിക്കുന്നതുപോലെ ശക്തമായ വെളിച്ചം. അതുകൊണ്ട് മുന്നിൽ നിൽക്കുന്ന രൂപങ്ങളൊന്നും വ്യക്തമല്ല; വെറും നിഴലുകൾ പോലെ. ഒന്ന് പിടയാൻ ശ്രമിച്ചെങ്കിലും ശരീരം അനക്കാൻ കഴിയുന്നില്ല. കിടത്തിയിരുന്ന പ്രതലത്തോട് തന്നെ ആരോ ബലമായി ബന്ധിച്ചിരിക്കുന്നതുപോലെ. തൊട്ടടുത്ത നിമിഷം, ഇടതുമുകൾക്കൈയിലെ ചർമത്തിലേക്ക് കൂർത്ത എന്തോ കുത്തിയിറങ്ങുന്ന വേദന!
അഖിൽ ഞെട്ടലോടെ കൈ പിൻവലിച്ചു. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അവിടെയൊരു ചെറിയ ചുവന്ന പാട് കണ്ടതും അവന്റെ മനസ്സിൽ സംശയങ്ങൾ ഓരോന്നായി മുളപൊട്ടി.
"മയങ്ങാനുള്ള കുത്തിവെപ്പെങ്ങാനും
💬 Comments
View all comments