Chapter Title : മണിച്ചിത്രത്താഴ്- The Beginning- 1
മനസ്സിൽ ധ്യാനിച്ചു, അയാൾ ആലപ്പാറയിലെ ഇളമുറക്കാരനോടൊപ്പം ഇറങ്ങി, കേൾവികേട്ട മാടമ്പള്ളി തറവാട്ടിലേക്ക്...!!!
ആ നടത്തം മൂന്നു നാൾ നീണ്ടു. മേടയെത്തുന്നതിനു മുൻപ് ഒന്ന് മുറുക്കാം എന്നു കരുതിയാണ് ചിറ്റാഴ ആൽത്തറയിലെത്തിയപ്പോൾ അവരൊന്നു വിശ്രമിച്ചത്. മനോഹര പോറ്റിക്ക്, ചുറ്റമ്പലത്തിനു വലം വെക്കുന്ന പെൺകൊടികളെ ഒന്നു നോക്കിവെച്ചു കളയാം എന്നൊരു ഉദ്ദേശം കൂടെയുണ്ടായിരുന്നു. അവിടുന്ന് നേരെ മനയിലോട്ടുള്ള നടപ്പു തുടങ്ങിയിട്ട് ഇപ്പൊ ഏകദേശം അഞ്ചു നാഴിക കഴിഞ്ഞിരിക്കുന്നു.
"അല്ലാ, അപ്പൊ ഉണ്ണി ഈ വഴിക്ക് ആദ്യാന്ന് പറഞ്ഞിട്ട്? മാടമ്പള്ളിയിലേക്കുള്ള ദൂരം എങ്ങനെ അറിയാം ?"
മനോഹരൻ പോറ്റി മനസ്സിൽ ഒന്ന് പുഞ്ചിരിച്ചു. കാണിപ്പയ്യൂർ ഗോവിന്ദ ഭട്ടതിരിപ്പാടിന്റെ അരുമ ശിഷ്യനായ തന്റെ ജ്യോതിഷ പരിജ്ഞാനം പോറ്റി പറ്റാവുന്നിടത്തൊക്കെ കാണിച്ചു കയ്യടി നേടാറുണ്ട്.
"തിരുമേനീ , ഇന്നലെ രാത്രിയിലെ ഗ്രഹനില നമ്മൾ ഒരുമിച്ചല്ലേ നോക്കിയത്? എട്ടിൽ ശനി. കാപ്പിരികടലിൽ വേലിയേറ്റത്തിന് സമയം. തെക്കൻ കാറ്റിൽ പൊടിമണല് വീശുന്ന കാലം. മാടമ്പള്ളിയുടെ സ്ഥാനം ഇരുവേലി കുന്നിനു മുകളിലെന്നു ഗുരുക്കന്മാർ പറഞ്ഞറിയാം. കുന്നു കേറിയിട്ടു 1 നാഴിക കഴിഞ്ഞാൽ കാറ്റു നിലക്കേണ്ടതാണ്. ഇതിപ്പോ രണ്ടു നാഴിക താണ്ടിയിട്ടും കാറ്റിൽ അതേ മണൽത്തരികൾ..!!!"
പ്രായം ഏറെ ചെന്ന നമ്പൂതിരി അന്ധാളിച്ചു..!!! അയാൾ അക്കാര്യം ശ്രദ്ധിച്ചു പോലുമില്ലായിരുന്നു. ഈ ഇളമുറക്കാരൻ പോറ്റി ആളു കൊള്ളാം. " അപ്പൊ ഉണ്ണി പറയണത് മ്മക്ക് വഴി തെറ്റി ന്നാണോ ?"
" എന്നല്ല തിരുമേനി, ഇക്കാലമത്രയും ഈ വഴി നടന്നു ശീലിച്ച അങ്ങേക്ക് എങ്ങനെയാണ് ഇക്ഷണത്തിൽ വഴി തെറ്റുന്നത്? ആരോ നമ്മളെ കളിപ്പിക്കുന്നുണ്ടോ എന്നൊരു സംശയം. തിരുമേനി ആ ഭാണ്ഡകെട്ട് ഇങ്ങോട്ടെടുക്കാ".
💬 Comments
View all comments