Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
ഭാര്യയോടായി. "എത്ര പറഞ്ഞാലും മനസ്സിലാവില്ല. അതെവിടേലും വെക്കാനാണേൽ സദാസമയവും കയ്യിലുണ്ടാവണന്നാ ഡോക്ടറ് പ്രത്യേകം പറഞ്ഞത് പിന്നെ എന്നാത്തിനാ? അവനോൻ്റെ ആരോഗ്യത്തെപ്പറ്റി കുറച്ചെങ്കിലും ഒരു ബോധം വേണ്ടേ"? ആ സ്വരത്തിലെ രോഷം ദൈന്യതയായി മാറി.
ഇൻഹേലറിൻ്റെ സഹായത്തോടെ അന്നാമ്മ ചേടത്തി സാധാരണ നിലയിലെത്തി. ഞാൻ കള്ളപ്പം ഒരു കഷ്ണം കുത്തിയെടുത്ത് വായിലേക്ക് വെച്ചു. ഏകദേശം കൂവ വിരകിയത് കഴിക്കുന്നത് പോലെയുണ്ട്. നല്ല തണുപ്പാണ്.
"പള്ളി പെരുന്നാളിനുണ്ടാക്കിയതാ കണ്ണാ. ഇതൊക്കെ കഴിച്ചു തീർക്കാൻ ഇവിടെ ആരാ ഉള്ളത് "
അന്നാമ്മ ചേടത്തിയുടെ പരാതിയിൽ നിരാശക്കൊപ്പം നേരിയ ദുഃഖം നിഴലിച്ചു നിന്നു.
"എന്നാലും ആ ഹോം നേഴ്സെവിടെ? ഉച്ചയായി സമയം. തോന്നും പോലെ വരാനാണേൽ അവൾക്ക് പൈസ കൊടുക്കുന്നതെന്നാത്തിനാ"?
"അവളെന്നും ഇവിടെ തന്നെയല്ലേ? അനിയത്തിയേം കൊണ്ട് എങ്ങാണ്ട് പോയിട്ട് ഉച്ചക്ക് വരാന്ന് പറഞ്ഞതാ. ഞാനാ പറഞ്ഞത് ഇനി നാളെയെങ്ങാനും വന്നാ മതിയെന്ന്"
"അത് നന്നായി" ഭാര്യയുടെ മറുപടിയിൽ വർഗ്ഗീസ് ചേട്ടൻ സ്വസ്ഥനായി ശാന്തമായ മനസ്സോടെ കസേരയിൽ വന്നിരുന്നു. ആളാരാണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ വർഗ്ഗീസ് ചേട്ടനെ നോക്കി. "അത് നമ്മുടെ സോണിയുടെ മോളാ കണ്ണാ. ബെറ്റി"
"പിന്നെ... ഇപ്രാവശ്യം അവരാരും വന്നില്ലേ ചേടത്തീ? ഓസ്ട്രേലിയക്കാരി വരുന്നുണ്ടെന്ന് രേണു പറഞ്ഞല്ലോ"
"ആര്? എലിസബത്തോ? അവളെന്നാ ഭാവിച്ചാന്നാർക്കറിയാം? അപ്പനേം അമ്മയേം ഒന്നും കാണണ്ടായിരിക്കും. അവിടെ ഒറ്റക്കാന്നാ ഇന്നാള് വിളിച്ചപ്പോ പറഞ്ഞത്. കല്യാണത്തിനൊന്നും താൽപര്യമില്ലാത്ത മട്ടാ. അനീറ്റക്കും സെബാസ്റ്റ്യനും അയർലണ്ടിലെ സിറ്റിസൺഷിപ്പ് കിട്ടി. ഇനി അവരും ഇങ്ങോട്ടുണ്ടാവില്ല"
"അത് അന്നാമ്മ ചേടത്തി കാണുമ്പോഴൊക്കെ കല്യാണത്തിന് നിർബന്ധിക്കുന്നോണ്ടാവും. രേണുവിനെ ഇടക്ക് വിളിക്കാറുണ്ട്"
മകളുടെ ഓർമ്മയിൽ വർഗ്ഗീസ് ചേട്ടൻ കസേരയിലിരുന്ന് എരിപിരി കൊണ്ടു.
"ഞങ്ങളല്ലാതെ പിന്നെ ആരാ അവളോട് ഇതൊക്കെ പറയാനുള്ളത്? എനിക്കാണേൽ രാത്രി കണ്ണു കാണാതായിട്ട് കുറച്ചായി. ഇവൾക്കും വയ്യ. ഇനി എത്ര കാലം എന്ന് വെച്ചാ. അവസാന കാലത്ത് മക്കളാരും അടുത്ത് ഇല്ലാതെ പോയി. ഞാനെന്നാ കൃഷി ഓഫീസിലൊന്ന് പോയി നോക്കട്ടെ. ജയകൃഷ്ണനെ കാണണം"
വർഗ്ഗീസ് ചേട്ടൻ എഴുന്നേറ്റു. മുറ്റത്ത് ഒരു മൂലയിൽ നിർത്തിയിട്ട പുരാവസ്തുവിനേക്കാളും പഴക്കം തോന്നിക്കുന്ന ഒരു ആക്ടീവ ചവിട്ടി സ്റ്റാർട്ടാക്കി പുറത്തേക്ക് ഓടിച്ച് പോയി.
💬 Comments
View all comments