Chapter Title : മൗനങ്ങൾ പാടുമ്പോൾ [ഗാബോ]
കിഴവൻ വന്നു. നെറ്റിയിൽ ചന്ദനവും ഭസ്മവും. മുടികൾ വളരുന്ന ചെവിയിൽ തുളസിയില. മുഴുക്കഷണ്ടി.
എന്താ ഇവിടൊരു കൂട്ടം?
ഓ... അതെന്നുമുള്ളതല്ലേ. എന്താ മോൾടെ കേസ്? വീട്ടീന്നാരേലും പറഞ്ഞയച്ചതാണോ?
നമ്മളാരാ അമ്മാവാ! മനസ്സിലായില്ല? ലിസി ചിരിച്ചു.
ഗോവിന്ദക്കുറുപ്പിനെ അറിയാത്ത ആരും ഇവിടുത്തെ ജില്ലാക്കോടതി മുതൽ താഴെ സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വരെ കാണത്തില്ല കുഞ്ഞേ! പുള്ളിയൊന്നു നെഞ്ചു വിരിച്ചു. പിന്നെ സ്വരം താഴ്ത്തി. ദേ ഇവരെല്ലാം വക്കീലിനെ കാണാൻ നിക്കുവാ. നേരത്തേ പറഞ്ഞുവെച്ചവരൊഴിച്ചാൽ ബാക്കി അത്രേം വക്കീലാപ്പീസിലേ കാണൂന്നാ അദ്ദേഹത്തിന്റെ ചിട്ട. ഞാനദ്ദേഹത്തിന്റെ ഗുമസ്തനാ.
ഞാനങ്കിളിനെ പിന്നെക്കണ്ടോളാം. ലിസി ചിരിച്ചു. എന്നിട്ട് തിരിഞ്ഞു നടന്നു. പോണവഴി ഒരു പഴഞ്ചൻ മാരുതി അവളെ ഓവർടേക്ക് ചെയ്തു. ഡ്രൈവിംഗ് സീറ്റിലിരുന്ന അങ്കിൾ അവളെ നോക്കി കൈവീശി! അവൾ തിരിച്ചും.
അടുത്ത ദിവസം പതിവുപോലെ നടത്തം, ഓട്ടം. ദൂരെ പാർക്കിലിരിക്കുന്ന പിള്ളേരുടെ നേർക്ക് ലിസി കണ്ണുകാണിച്ചപ്പോൾ കേശവൻ അവളേയും കൊണ്ടങ്ങോട്ടു ജോഗു ചെയ്തു. പിള്ളേരുടെ മുഖത്ത് ഒരു കൺഫ്യൂഷൻ. പിന്നെയവർ തമ്മിൽ നോക്കി. ഒരണ്ടർസ്റ്റാൻഡിങ്ങിലെത്തി. രണ്ടുപേരുമെണീറ്റു.
ഒരുത്തൻ ജിംടൈപ്പ്. ഒരു മസിൽമാൻ. മറ്റവനും മോശമില്ല.
കേശവൻ സിമന്റ് മേശയ്ക്കരികിൽ ഒരു ബെഞ്ചിലിരുന്നു. ലിസി അരികിലും. ഇരിക്കൂ. കേശവൻ വിരൽ ചൂണ്ടി. അവരെതിരേയിരുന്നു.
നിങ്ങളിവളുടെ പൊറകേ നടപ്പാണോ? കേശവൻ ചോദിച്ചു.
ഇതെന്താ. ഒരു ഫ്രീ കൺട്രിയല്ലേ? മസിൽ പിന്നെയും മസിലുപിടിച്ചു.
ചോദിച്ചതിനുത്തരം നൽകൂ. കേശവൻെയുറച്ച ശബ്ദം അവിടെ മുഴങ്ങി. മസിലിന്റെ കാറ്റുപോയി.
അല്ല. മറ്റവൻ പതറാത്ത സ്വരത്തിൽ പറഞ്ഞു.
കേശവൻ അവനെ ക്ഷോഭമില്ലാതെ നോക്കി. എവിടെയാണ് വീട്?
അറിഞ്ഞിട്ടെന്തിനാ?
പറയടാ! കേശവന്റെയൊച്ച രൂക്ഷമായി.
പോടാ.. അവനെണീറ്റു. ലിസിയതേ കണ്ടുള്ളൂ. പടക്കം പൊട്ടുന്ന ശബ്ദം! അവൻ താഴെ! ലിസിയുടെ ഹൃദയം ഉച്ചത്തിൽ പെരുമ്പറ കൊട്ടി!
നിന്റെ വീടെവിടെ? താഴെക്കിടന്നവനെ അവഗണിച്ച് കേശവൻ മസിലിനോടു ചോദിച്ചു. അവൻ വിറച്ചുകൊണ്ട് ഉത്തരം നൽകി!
ഓ...ഇത്തിരി ദൂരെയാണല്ലോ. ഇവന്റെയോ? താഴെ നിലത്തു കഷ്ട്ടപ്പെട്ട് എണീറ്റിരുന്നവനെച്ചൂണ്ടി.
എന്റെ വീടിന്റെയടുത്താണ്.
അപ്പോ ഇവിടെയെന്താണ് രണ്ടുപേരും? വളരെ കാഷ്വലായിട്ട് വീണുകിടന്നവനെ കൈകൊടുത്തെണീപ്പിച്ച് ബെഞ്ചിലിരുത്തിയിട്ട് കേശവനാരാഞ്ഞു!
അത് ഞങ്ങൾ... രണ്ടെണ്ണവും വിക്കി.
കേശവൻ തുറന്നു ചിരിച്ചു.
💬 Comments
View all comments