0%

Chapter Title : മഴ [സിമോണ]

Author : സിമോണ Read All Parts 1.2K

ടിന്നിന്റെ താഴെ അല്പം പുറത്തോട്ട് തലനീട്ടി ഇരിപ്പുണ്ട്.. അക്കാര്യം മറന്നുപോയിരുന്നു... പലതവണ വായിച്ച് മനഃപാഠമായതാണ്... എങ്കിലും!!...

".............ഇവിടെ ഇപ്പോൾ വർണ്ണങ്ങളുടെ ഉത്സവമാണ്.. റൂമിന്റെ ബാൽക്കണിയിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ പച്ചയും നീലവും മഞ്ഞയുമെല്ലാം കൂടിക്കലർന്ന് നിരത്തുകളും ചുമരുകളും സുന്ദരമായ മുന്താണികളെ വാരിച്ചുറ്റി നഗ്നത മറച്ചിരിക്കുന്നു...

നീ തീർച്ചയായും ഒരിക്കൽ കാണേണ്ടതാണ്.. നിനക്കിഷ്ടപ്പെടും.. എന്റെ താമസസ്ഥലത്തിനടുത്തുള്ള ഗല്ലിക്കപ്പുറം ഒരു വലിയ പ്ളേ ഗ്രൗണ്ടാണ്. രാത്രി അവിടെ ഡാൻസും പാട്ടുമൊക്കെ ഉണ്ടാകുമെന്ന് റൂം മേറ്റ് പറഞ്ഞു... വെളുത്തു തുടുത്ത സുന്ദരികളായ പെൺകുട്ടികളാണ് ഇവിടെ മുഴുവൻ............."

"നാണമില്ലാത്തവൻ!!!.."

എഴുത്ത് മടക്കി കാപ്പിപ്പൊടി ടിന്നിന്റെ അടിയിലേക്ക് തന്നെ തിരുകിവെച്ചു. "കണ്ണിൽ കണ്ട പെണ്ണുങ്ങളെ വായിൽ നോക്കി നടന്നോളും.. നീ തിരികെ വരണ്ട.. ഇവിടെ വന്നാലും വേറെ പെണ്ണുങ്ങളെപ്പറ്റി എന്നോട് പുകഴ്ത്തി പറയാനല്ലേ.."

അരിശത്തോടെ, പാതിയോളം കത്തി അടുപ്പിൽ നിന്ന് പുറത്തേക്ക് തലയിട്ട ഓലക്കുടി, വീണ്ടും അടുപ്പിലേക്കമര്ത്തി... "ഒഹ്!!...." മൂടി തുറന്നപ്പോൾ കൈത്തണ്ടയെ ചുവപ്പിച്ചുകൊണ്ട് ആവി മേലോട്ട് തള്ളി... കൈത്തണ്ടയിൽ ഒന്ന് നക്കി നനച്ച് ചായപ്പാത്രത്തിലേക്ക് തിളച്ച വെള്ളം പകർന്നു...

വല്യമ്മായിക്കുള്ള വെള്ളം പകർത്തിമാറ്റി, അരികഴുകി അടുപ്പത്തിട്ട് മധുരം കുറഞ്ഞ കട്ടൻ ചായയുമായി കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ ലിയൂബ, കുറുകിക്കൊണ്ട് വീണ്ടും ഒരുതവണ മണിമുഴക്കി.. അഞ്ചരയായിക്കാണും..

ചായ, സ്റ്റാൻഡിൽ വെച്ച്, വേഗം തന്നെ പുതപ്പും വിരിയും കുടഞ്ഞുവിരിച്ചിട്ടു.. അല്ലെങ്കിൽ എണീറ്റപാടെ അമ്മായീടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും..

"കുടുമ്മത്ത് പിറന്ന പെങ്കുട്ട്യോള് ഉറക്കമെണീറ്റാ ആദ്യം കിടക്കപ്പായ അടുക്കി വെക്കണം..." തറവാട്ടിൽ പിറന്ന പെങ്കുട്ട്യോൾക്കുള്ള ആദ്യ പാഠം അതാണത്രേ.. ബാക്കിയൊക്കെ പിന്നെ..

"അമ്മായീ... ചായ വെച്ചേക്കുന്നു.. എണീറ്റേരെ ട്ടാ....

💬 Comments

View all comments