Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]
ഇടയ്ക്കു അവളൊന്നു അടുക്കളയിൽ കയറും, അന്ന് ഞാൻ അവളുടെ പരീക്ഷണ എലിയാണ്. പല ദിവസങ്ങളിലും ദയനീയമായി പരാജയപെട്ടിട്ടും, ഏലി മരിച്ചിട്ടും അവളതു തുടർന്നു. എങ്കിലും പതുക്കെ അവൾ മെച്ചപ്പെട്ടു തുടങ്ങി.
ഇടയ്ക്കൊരു ദിവസം ലീവ് തീർന്നു മടങ്ങുകയാണെന്നു പറയാൻ വന്ന അഭിയും, അജുവും, മറ്റു പിള്ളേരും അവൾ ഫുഡ് എടുക്കാം എന്ന് പറഞ്ഞപ്പോൾ, തിരക്കുണ്ട് എന്ന് പറഞ്ഞു വേഗം ഇറങ്ങിയത് ചൊല്ലി ഞാൻ ഇടയ്ക്കവളെ കളിയാക്കും. അപ്പോൾ കണ്ണിൽ ഒരു ദയനീയ ഭാവംവരും, ചുണ്ടുകൾ പുറത്തേക്കു പിളർത്തി, നുണക്കുഴികൾ കാട്ടി അവൾ പിണങ്ങും. അത് കണ്ടു നിൽക്കാൻ തന്നെ ചേലാണ്.
നിർബന്ധിച്ചു ഞാൻ അവളെ കട്ടിലിൽ കിടത്തും, രാവിലെ ഉണർന്നു നോക്കുമ്പോൾ, എന്റെ പുതപ്പിനുള്ളിൽ സോഫയിലെ പരിമിതമായ സ്ഥലത്തു ഒതുങ്ങി കൂടി ഒരു പൂച്ചയെപ്പോലെ അവൾ ഉറങ്ങുന്നുണ്ടാവും, അപ്പോൾ എനിക്കവളെൻ്റെ കുഞ്ഞു മോളാണെന്നു തോന്നും.
എന്റെ മനോമണ്ഡലം ആ നിഷ്കളങ്കമായ മുഖത്തിനു ചുറ്റും വലംവച്ച്കൊണ്ടിരുന്നു.
മുഖത്തൊരു കാറ്റടിച്ചാൽ, നല്ല ഒരു പാട്ടുകേട്ടാൽ, അറിയാതൊരു പൊടിമഴ എനിക്കുമേലെ തൂവിയാൽ എനിക്കവളെ ഓർമ്മവരും, ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കാണും.
അവൾക്കും എന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം, പക്ഷെ എന്തോ അവളാ പ്രണയത്തെ കൂട്ടുപിടിച്ചു എന്നിൽ നിന്ന് അകലാൻ ശ്രമിച്ചുകൊണ്ടിരുന്നു.
മീനാക്ഷിയുടെ കാമുകൻ, ഞാൻ ആയിരുന്നെങ്കിലോ.
എന്റെ ഹൃദയത്തിൽ അവളോട് ഇക്കണ്ട സ്നേഹം കുത്തിനിറക്കുന്ന ദൈവത്തിനു, അവനവിടെയൊരു മദാമ്മയോട് ഇഷ്ടം തോന്നിപ്പിക്കാൻ നിഷ്പ്രയാസം കഴിയില്ലേ.
എന്റെ ക്രൂരമായ മനസ് അനുനിമിഷം അവർ പിരിയാൻ ആഗ്രഹിച്ചു.
പ്രണയം നിഗൂഢമാണ്, അതിൻറെ ചിന്തകളോ അതിലേറെ നിഗൂഢം.
****************
അവളുടെ കരിഞ്ഞ കുക്കർ കേക്ക് തിന്നണ്ടി വന്ന ക്രിസ്തുമസ് രാത്രിയും കടന്നു ദിനങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരകൾ പോലെ പാഞ്ഞു.
അങ്ങനെ പുതു വർഷത്തിന്റെ തലേന്ന് പകൽ പൊട്ടി വിരിഞ്ഞു.
ഞാൻ എഴുന്നേറ്റതും കണ്ടത് അവളെ ആയിരുന്നു, കാതിൽ ജിമിക്കിയണിഞ്ഞു കൊണ്ട് അവൾ ഓടിനടന്ന് എന്തൊക്കെയോ ചെയുന്നു. ഇന്ന് സാധാരണയിൽ വിപരീതമായി നേരത്തെ എണീറ്റു കുളിച്ചൊരുങ്ങി എങ്ങോട്ടോ പോകാൻ തയ്യാറാവുകയാണ്. കൈയിൽ ചുവപ്പു എംബ്രോയിഡറി പട്ട വച്ച, ക്രീംകളർ പട്ടുതുണി കുർത്തയാണ് അണിഞ്ഞിരിക്കുന്നതു, പാട്ടുപാവാടയ്‌ക്കൊപ്പം ഇടുന്ന പോലെ
💬 Comments
View all comments