Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]
അതൊന്നും എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ ജീവിതാവസാനം വരെ അതൊക്കെ ആലോചിച്ചിരിക്കും.” അവൾ ഒരു കണ്ണിൽ ഒഴുകിവന്ന കണ്ണ്നീര് തുടച്ചു.
“പക്ഷെ അവൻ വന്നു വിളിക്കുമ്പോ എനിക്ക് പോകാതിരിക്കാൻ പറ്റോ? അത് വിശ്വാസ വഞ്ചനയല്ലെ?”
അവളുടെ മൂക്കിൽ നിന്ന് അത് പറഞ്ഞു തീർന്നപ്പോഴേക്കും രക്തം ചാലുകീറി ഒഴുകിതുടങ്ങി. അതിൽ നിന്നും അവൾ വല്ലാത്ത പ്രഷറിൽ കൂടിയാണ് കടന്നു പോകുന്നതെന്ന്, എനിക്ക് മനസ്സിലായി.
അവളുടെ മൂക്കിൽ നിന്നൂർന്നു വന്ന രക്തം, തള്ളവിരലിൽ തുടച്ചെടുത്ത്, ഞാൻ ആ സന്ദർഭം ലഘൂകരിക്കാൻ, ദയനീയമായി ഒരു താമശപറയാൻ ശ്രമിച്ചു.
“നീ ഇത്ര നേരത്തെ കുളിച്ചൊരുങ്ങി, ഞാൻ എണീക്കാണേനും മുന്നേ തിരക്കുപിടിച്ച് ഓടണ കണ്ടപ്പോൾ ഞാൻ വിചാരിച്ചു…. നീ ഇനി ആ തയ്യൽക്കാരൻ കുമാർ അണ്ണന്റെ ഒപ്പം ഒളിച്ചോടാൻ ഉള്ള വല്ല പ്ലാനും ആയിരിക്കുമെന്ന്. (ഞാൻ അർത്ഥമില്ലാത്തൊരു ചിരിചിരിച്ചു)
അവളും ഒരു ഉഷാറില്ലാത്ത ചിരിച്ചിരിച്ച്, എന്റെ തോളിൽ ഒരു ഇടിയും ഇടിച്ചു എഴുന്നേറ്റു.
ടൗണിൽ പോയി അടുത്ത ആഴ്ചക്കു അവനു സർപ്രൈസ് കൊടുക്കാൻ കുറച്ചു സാധനങ്ങളും വാങ്ങിവരാം എന്ന് പറഞ്ഞു, അവൾ ഇറങ്ങി.
ഞാൻ കണ്ണ് തുറന്നുകൊണ്ടു തന്നെ തിരിഞ്ഞു കിടന്നു. ഇന്നത്തെ പകൽകാറ്റിൽ ഞാൻ തീർത്ത ചീട്ട്ഗോപുരങ്ങളെല്ലാം, തകർന്നുവീണു തുടങ്ങിയോ!!....
***************
വെയിൽ മൂത്തു പഴുക്കുന്നതിനനുസരിച്ച് , എനിക്ക് നെഞ്ചിൽ നെരിപ്പോട് കയറ്റിവച്ച അവസ്ഥയായി, ആകെ സംഭ്രമം, അവളിന്നു ആദ്യമായി ഭക്ഷണം കഴിക്കാൻ സമയത്തേക്ക് എത്തിയില്ല. ഫോൺ വിളിച്ചപ്പോൾ തിരക്കിലാണ്, പുറത്തുന്നു കഴിച്ചു എന്ന് പറഞ്ഞു കട്ട് ചെയ്തു. ഇത്രനാൾ ഞാൻ ചെയ്തതിനെ എല്ലാത്തിനേക്കാളും, എൻ്റെ പാചകത്തിനും, സ്നേഹത്തിനും മുകളിലാണ് അവൾക്കവനെന്നു എനിക്ക് വെറുതെ തോന്നി, യാഥാർഥ്യമാണെങ്കിലും അതെന്നെ ഒരുപാട് വേദനിപ്പിച്ചു.
വെയിലിന്റെ ഭാവങ്ങൾ സമയത്തിനനുസരിച്ചു മാറിവന്നു, അവസാനം പോക്കുവെയിൽ വീണു, രാവിലെ മുതൽ ഒറ്റനിൽപ്പു നിന്നുകൊണ്ട്, ദേഷ്യമെല്ലാം തണുത്തു തുടങ്ങിയ സൂര്യൻ, ചുവന്ന ഷർട്ട് എടുത്തിട്ട് സന്ധ്യക്ക് പോകാൻ ഒരുങ്ങുന്ന പെയിൻറ് പണിക്കരുടെ പോലെ തയ്യാറായി നിന്നു.
അവളുടെ ഒരു കോൾ, ഇല്ല മെസ്സേജ് ഇല്ല, എന്തുകൊണ്ടോ എനിക്കതു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
തിരക്കേറിയ ചെന്നൈ നഗരത്തിന്റെ വഴിയോരങ്ങളിൽ വശ്യമായ വഴിവിളക്കുകൾ തെളിഞ്ഞു,
💬 Comments
View all comments