Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]
“ആട്ടെ, ആരെയാ ൻ്റെ മോൻ, ഇങ്ങനെയൊക്കെ സ്വപ്നം കണ്ടത്. വല്ല സിനിമാനടിമാരെയും ആണോ ?”
ഈ ചോദ്യത്തിന് നിങ്ങൾ ഭാര്യയോട് എന്ത് മറുപടി പറഞ്ഞാലും ഇടിയുറപ്പണ്. പക്ഷെ എൻ്റെ സത്യത്തിന് ഇടികിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു.
ഞാൻ വാനിൽ നിറനിലാവമ്പിളിയെ നോക്കിപറഞ്ഞു “നിന്നെ.”
“എന്നെയോ?!!, അവൾക്ക് കൗതുകമായി.” ഞാൻ അവളെ നോക്കിചിരിച്ചു. അവളുടെ മുഖത്ത് ആകാംഷ ശമിച്ചിരുന്നില്ല.
“ അതിന് … അതിന് ന്നെ അന്ന് കണ്ടിട്ടുണ്ടോ.!!” ആ കണ്ണെല്ലാം വിടർന്നുവന്നു.
“ഇല്ല, പക്ഷെ കൊറേ.. കൊറെ.. കേട്ടിട്ടുണ്ട്, അതുവച്ച് മനസ്സിൽ ഞാനൊരു രൂപം അങ്ങട് ഇണ്ടാക്കി.” അവൾക്കാകെ അത്ഭുതം.
“ഒരിക്കെ ചേടത്തി അവളുടെ ഒരു കസ്സിന് വേണ്ടി നിന്നെ കല്ല്യാണമാലോചിച്ചാലോന്നു പറഞ്ഞേ വീട്ടിലെല്ലാരോടും, അത്ര സുന്ദരിയാണ്, നല്ല കുട്ടിയാണ് എന്നൊക്കെപറഞ്ഞപ്പൊ, ഞാൻ ഇണ്ടല്ലോ… അപ്പെല്ലാം മച്ചിലിരുന്നു കേട്ടിരുന്നേ. അന്നു ഞാനിങ്ങനെ ഇവിടെ വെളിയിൽ ഓട്ടിൻ പുറത്തിരുന്നു ഇതുപോലെ അമ്പിളിയേം നക്ഷത്രങ്ങളൊക്കെ കാണായിരുന്നു, അന്ന് ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നേ. അതൊക്ക ഇടക്കിങ്ങനെ പെയ്തിറങ്ങാറുണ്ടേ…! അവരൊക്കെ താഴെ ആയോണ്ട് എന്നെ കണ്ടിരുന്നില്ല. അപ്പൊളിണ്ട് അമ്മ പറയണു ‘അവള് ഉണ്ണിക്ക് പറ്റിയ കുട്ടിയാന്ന്’. എനിക്കങ്ങട് നാണം വന്നില്ലെ. അപ്പൊ പക്ഷെ എല്ലാരും കൂടി അമ്മേനെ കളിയാക്കി; ‘ഒരു വേലേം കൂലീം ഇല്ലാതെ, നാട്ടിൽ തേരാപാരാ തെണ്ടി നടക്കണോനെയൊക്കെ എങ്ങനെയാ പുറത്തൊക്കെ പഠിച്ചു വളർന്ന, കോളേജിലൊക്കെ പഠിപ്പിക്കണ ഇത്രനല്ല കുട്ടിക്ക് ഇഷ്ടാവാ ന്ന് പറഞ്ഞിട്ട്.’ എനിക്കാകെ സങ്കടംവന്നേ. എന്നെ അങ്ങനെ പറഞ്ഞോണ്ടല്ല, അമ്മക്ക് ഞാൻ കാരണം കളിയാക്കല് കേക്കണ്ടി വന്നല്ലോന്ന് വച്ച്ട്ട്. എനിക്കിതൊക്കെ ശീലായിരുന്നു.പക്ഷെ അമ്മക്ക് അങ്ങനെയല്ലല്ലോ. ഒരുതരത്തിൽ പറഞ്ഞാൽ ഞാനാണ് എല്ലാത്തിനും കാരണം.
💬 Comments
View all comments