Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
സങ്കടത്തേക്കാളുപരി സാമിനോടുള്ള കടുത്ത ദേഷ്യമായിരുന്നു.
"വഴിമാറുന്നുണ്ടോ നിങ്ങൾ?" അവൾ ശബ്ദമുയർത്തി ചോദിച്ചു.
"എന്റെ യാതൊരു തെറ്റുമില്ലാതെയാണ് ഇന്ന് ആ മുത്തശ്ശിയുടെ വായയിൽ ഇരിക്കുന്ന മുഴുവൻ ഞാൻ കേൾക്കേണ്ടി വന്നത്. ഞാൻ എന്റെ പാട്ടിന് ജോലി ചെയ്യുകയല്ലായിരുന്നോ?
എന്തിനായിരുന്നു നിങ്ങൾ എന്റെ അടുത്തേക്ക് വന്നത്? ഞാൻ നിങ്ങളെ വിളിച്ചോ?"
സാം ശാന്തനായി പറഞ്ഞു, "ഞാൻ വെറുതെ ഒന്ന് സംസാരിക്കാൻ... എനിക്ക് ശരിക്കും വിഷമമുണ്ട്."
"നിങ്ങളുടെ വിഷമം എനിക്ക് കേൾക്കേണ്ട!"
വിപഞ്ചികയുടെ വാക്കുകൾ സാമിന്റെ മുഖത്തേറ്റ അടിയെന്നപോലെയായിരുന്നു.
"ഞാൻ ഈ അമ്പലത്തിൽ ജോലി ചെയ്തു ജീവിക്കുന്നവളാണ്. നിങ്ങൾ കാരണം ഇല്ലാത്ത അപവാദം കൂടി കേൾക്കാൻ എനിക്ക് വയ്യ. ഇനി ഒരിക്കൽപ്പോലും എന്റെ വഴിക്ക് വരരുത്, എന്നോട് സംസാരിക്കാനും ശ്രമിക്കരുത്."
ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൾ വേഗത്തിൽ ഇരുട്ടിലേക്ക് നടന്നുപോയി.
അവളുടെ വാക്കുകളിലെ ദേഷ്യവും നിസ്സഹായതയും സാമിനെ വല്ലാതെ സ്പർശിച്ചു.
യാതൊരു തെറ്റുമില്ലാതെ അവൾക്ക് അനുഭവിക്കേണ്ടി വന്ന ആ വലിയ അപമാനത്തിൽ സാമിന് അതിയായ കുറ്റബോധം തോന്നി.
അർദ്ധരാത്രി.
കാവിലെ കനത്ത ഇരുട്ടിൽ ചീവിടുകളുടെ ശബ്ദം മാത്രം. ബ്രാഹ്മമുഹൂർത്തത്തിന് മുൻപുള്ള ആ യാമത്തിൽ, അമ്പലക്കുളത്തിലെ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ച് ഈറനോടെ സാം കളരിക്കളത്തിൽ നിന്നു.
ഹോമകുണ്ഡത്തിലെ അഗ്നിയുടെ വെളിച്ചത്തിൽ അവന്റെ പേശികൾ വലിഞ്ഞുമുറുകുന്നത് കാണാമായിരുന്നു. സ്വാമിജിയുടെ കർശനമായ നിർദ്ദേശപ്രകാരം കയ്യിലൊരു വടിയുമായി കാറ്റിലിളകുന്ന ഇലകളെക്കാൾ വേഗത്തിൽ അവൻ ചുവടുകൾ വെച്ചു.
തണുത്തുറഞ്ഞ കാറ്റടിച്ചിട്ടും സാമിന്റെ ശരീരത്തിൽ നിന്നും വിയർപ്പൊഴുകുന്നുണ്ടായിരുന്നു.
പക്ഷേ, സാമിന്റെ മനസ്സ് അവിടെയായിരുന്നില്ല.
കുറച്ചുമണിക്കൂറുകൾക്ക് മുൻപ് അമ്പലക്കുളത്തിനടുത്ത് വെച്ച് കണ്ട വിപഞ്ചികയുടെ മുഖം അവനെ വല്ലാതെ വേട്ടയാടി.
💬 Comments
View all comments