Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
യാത്രയ്ക്ക് സമ്മതം മൂളി.
സാമിന്റെ ആ വാക്കുകൾ കേട്ടതും, ചുണ്ടിൽ നിറഞ്ഞ വലിയൊരു പുഞ്ചിരിയോടെ, സമാധാനമായി അമ്മയുടെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു.
ആകാശവും അന്ന് അവർക്കൊപ്പം കരയുകയായിരുന്നു. ചാറ്റൽമഴയെ വകവെക്കാതെ, ചിതയിലെ തീനാളങ്ങൾ അമ്മയുടെ ശരീരത്തെ ഏറ്റുവാങ്ങുമ്പോൾ സാമിന്റെ ഉള്ളിലെ ലോകം പൂർണ്ണമായും ഇരുളടയുകയായിരുന്നു.
ചിതയിൽ നിന്നുള്ള പുക അവന്റെ കണ്ണുകളെ നീറ്റിയെങ്കിലും, അതിനേക്കാൾ വലിയൊരു തീ അവന്റെ നെഞ്ചിൽ എരിയുന്നുണ്ടായിരുന്നു.
"അമ്മേ..." എന്ന് വിളിച്ച് അലറിക്കരഞ്ഞുകൊണ്ട് തളർന്നുവീഴാൻ പോയ ശ്രേയയെ സാം ഇറുകെ നെഞ്ചോട് ചേർത്തുപിടിച്ചു.
അവൾക്ക് താങ്ങാകാൻ വേണ്ടി സ്വന്തം കണ്ണുനീർ അവൻ കടിച്ചമർത്തി.
ഇത്രയും കാലം തനിക്ക് മീതെ നിന്നിരുന്ന ഏറ്റവും വലിയ തണൽമരമാണ് ആ അഗ്നിയിൽ എരിഞ്ഞടങ്ങുന്നതെന്ന് സാം വേദനയോടെ തിരിച്ചറിയുകയായിരുന്നു.
അമ്മയുടെ ജീവനില്ലാത്ത ആ ശരീരത്തിലേക്ക് നോക്കി, കണ്ണുനീരോടെ അവൻ അന്ന് അവസാനമായി യാത്രാമൊഴി നൽകി.
അമ്മയില്ലാത്ത ആ വീട്ടിലെ ദിവസങ്ങൾ വലിയൊരു ശൂന്യതയായിരുന്നു. കണ്ണുനീരിന്റെയും വിലാപങ്ങളുടെയും പതിനാറ് ദിവസങ്ങൾ കടന്നുപോയി.
പതിനാറടിയന്തിരത്തിന്റെ കർമ്മങ്ങളെല്ലാം പൂർത്തിയായി.
ബന്ധുക്കളെല്ലാം പതുക്കെ യാത്രപറഞ്ഞ് പിരിഞ്ഞുതുടങ്ങി.
സ്വീകരണമുറിയിലെ മേശപ്പുറത്ത്, പൂമാല ചാർത്തിയ അമ്മയുടെ വലിയൊരു ചിത്രത്തിന് മുന്നിൽ ഒരു നിലവിളക്ക് എരിയുന്നുണ്ടായിരുന്നു. അതിലെ ഇളം വെളിച്ചത്തിൽ അമ്മ അപ്പോഴും അവരെ നോക്കി പുഞ്ചിരിക്കുന്നുണ്ട്.
സാം ആ ചിത്രത്തിന് മുന്നിൽ വന്ന് നിശബ്ദനായി നിന്നു. ആശുപത്രിയിലെ ആ ഐ.സി.യു മുറിയിൽ വെച്ച്, ജീവൻ പിടയുന്നതിനിടയിലും അമ്മ അവനോട് പറഞ്ഞ ആ അവസാന വാക്കുകൾ അവന്റെ കാതുകളിൽ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
"നിന്റെ മുത്തശ്ശനും മുത്തശ്ശിക്കും ഈ പ്രതിസന്ധിയിൽ ഒരു കാവലായി നീ വേണം... അതീ അമ്മയുടെ അവസാനത്തെ ആഗ്രഹമാണ്."
സാമിന്റെ കണ്ണുകൾ ഒന്നുകൂടി നിറഞ്ഞു. അവൻ പതുക്കെ കൈകൾ കൂപ്പി അമ്മയുടെ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിച്ചു,
"അമ്മ സമാധാനമായി ഉറങ്ങുക... അമ്മയുടെ ആഗ്രഹം പോലെ ഞാൻ പോവുകയാണ്."
സാം തന്റെ മുറിയിലേക്ക് നടന്നു.
💬 Comments
View all comments