0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

ഡ്രൈവർമാർ വണ്ടിയെടുത്ത് തിരിച്ചുപോയി.

വണ്ടിയുടെ ശബ്ദം അകന്നതോടെ ആ അഗ്രഹാര തെരുവ് വീണ്ടും അതിന്റെ ശാന്തതയിലേക്ക് മടങ്ങി.

തെരുവ് വെളിച്ചത്തിൽ ആ സ്ഥലത്തിന്റെ ഭംഗി വീണ്ടും ആസ്വദിക്കുന്നതിനിടയിലായിരുന്നു, നിശബ്ദതയിൽ, തലയുയർത്തി നിൽക്കുന്ന ആ മഹാക്ഷേത്രത്തിന്റെ ഗാംഭീര്യം ശരിക്കും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.

ആ തെരുവിന്റെ ഒരറ്റത്ത്, ഇരുട്ടിനെ വകഞ്ഞുമാറ്റി ആകാശത്തേക്ക് തൊട്ടുരുമ്മി നിൽക്കുന്ന കൂറ്റൻ രാജഗോപുരം. ദ്രാവിഡ വാസ്തുവിദ്യയുടെ വിസ്മയം എന്ന് തന്നെ വിളിക്കാം.

ഏഴ് തട്ടുകളായി ഉയർന്നുപോകുന്ന ആ ഗോപുരത്തിൽ നിറയെ കൊത്തുപണികളാണ്. ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളും, ദേവീദേവന്മാരും, അസുരന്മാരും, മൃഗങ്ങളും എല്ലാം ശില്പങ്ങളായി അതിൽ തിങ്ങിനിറഞ്ഞു നിൽക്കുന്നു.

തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ആ രൂപങ്ങൾക്ക് ജീവൻ വെച്ചത് പോലെ... അവ മുകളിൽ നിന്ന് ഞങ്ങളെ തന്നെ ഉറ്റുനോക്കുന്നത് പോലെ തോന്നി.

താഴെ, വലിയ ഇരുമ്പ് കുമിളകൾ പതിച്ച, ആനയ്ക്ക് പോലും കടക്കാവുന്നത്ര വലുപ്പമുള്ള ഭീമാകാരമായ തടിവാതിൽ അടഞ്ഞു കിടക്കുന്നു. ക്ഷേത്രമതിൽക്കെട്ടിന് ചുറ്റും കരിങ്കൽ പാളികൾ പാകിയ നടപ്പാത.

ആ ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ടാവാം, അവിടെ വീശിയടിക്കുന്ന കാറ്റിന് പോലും പഴമയുടെയും ഒപ്പം ചന്ദനത്തിൻ്റെയും കർപ്പൂരത്തിൻ്റെയും നേരിയ ഗന്ധമുണ്ടായിരുന്നു.

ആ വലിയ ഗോപുരത്തിന്റെ നിഴലിൽ, ഞങ്ങളും ആ തെരുവും വളരെ ചെറുതായതുപോലെ... വല്ലാത്തൊരു ദൈവീകമായ അന്തരീക്ഷം....

"എന്നാൽ നമുക്ക് അകത്തേക്ക് കയറിയാലോ?"

ആ വലിയ ഗോപുരത്തിന്റെ ഭംഗി നോക്കി നിൽക്കുന്നതിനിടയിൽ കൃതിക ചോദിച്ചു.

"പിന്നേ... ആ വാ..."

യാത്രയുടെ ക്ഷീണം കാരണം ഒന്ന് കിടന്നാൽ മതിയെന്ന അവസ്ഥയിലായിരുന്നു എല്ലാവരും. ഞങ്ങൾ ബാഗുമെടുത്ത് ആ വീടിന്റെ പടിപ്പുര കടന്ന് ഉമ്മറത്തേക്ക് നടന്നു.

അപ്പോഴാണ് നിധി ആ സംശയം ചോദിച്ചത്.

💬 Comments

View all comments