Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
ഭാരത്തോടെയാണ് ആ കരിങ്കൽ മുറിയിൽ മുഴങ്ങിയത്. എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ആ വാക്കുകൾ കേട്ടുനിൽക്കുകയായിരുന്നു.
"ഇനി അവിടെ എന്താണ് സംഭവിക്കാൻ പോകുന്നതെന്നോ, ആ കാലചക്രം തിരിയുമ്പോൾ പ്രപഞ്ചം നിനക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്നോ കൃത്യമായി എനിക്കറിയില്ല ദേവാ. എന്റെ അറിവുകൾക്കും അതീതമാണ് വരാൻ പോകുന്ന ആ നിമിഷങ്ങളിലെ പ്രകൃതിയുടെ മാറ്റങ്ങൾ. എന്തും സംഭവിക്കാം... ഒരുപക്ഷേ ഇതിലും വലിയൊരു ദുരന്തം നിന്നെ കാത്തിരിപ്പുണ്ടാകാം. ഞാൻ നിനക്ക് മുന്നിൽ എല്ലാ സത്യങ്ങളും തുറന്നുവെച്ചു കഴിഞ്ഞു."
മാനസ പതുക്കെ ഒരു ചുവട് പുറകോട്ട് വെച്ചു. ആ വലിയ കരിങ്കൽ കണ്ണുകളിൽ എനിക്കായി കാത്തുവെച്ച വലിയൊരു പ്രതീക്ഷ മിന്നിമറയുന്നത് ഞാൻ കണ്ടു.
"ചിന്തിക്കുക ദേവാ... നിന്റെ ആന്തരിക യുദ്ധം ഇവിടെ തുടങ്ങിക്കഴിഞ്ഞു. ഇനി ഏത് വഴി വേണമെന്ന് തീരുമാനമെടുക്കേണ്ടത് നീ മാത്രമാണ്!"
ഇത്രയും പറഞ്ഞ് മാനസ ആ കരിങ്കൽ വാതിലിന്റെ പടിയിലേക്ക് തിരിഞ്ഞുനിന്നു. പുറത്തെ അന്ധകാരത്തിലേക്ക് പെയ്യുന്ന ആ മഴപോലെ, എന്റെ മനസ്സിലും ആയിരം ചിന്തകൾ ഒന്നിച്ചു പെയ്യുകയായിരുന്നു... ഞാൻ എന്ത് തീരുമാനമാണ് എടുക്കേണ്ടത്? സ്വന്തം പ്രണയത്തെ ബലികൊടുത്ത്, എല്ലാം ഓർമ്മയുള്ള ഒരു അപരിചിതനായി ഞാൻ ജീവിക്കണോ? എന്റെ നെഞ്ചിടിപ്പ് ആ മഴയുടെ ശബ്ദത്തെ തോൽപ്പിക്കുന്ന വിധത്തിൽ ഉയർന്നുകൊണ്ടിരുന്നു.
ആ ഭയാനകമായ സത്യത്തിന്റെ വലിയ ഭാരം നെഞ്ചിലേറ്റി ഞങ്ങൾ പതുക്കെ ആ വലിയ വാതിൽ കടന്ന് പുറത്തെ സിറ്റൗട്ടിലേക്കിറങ്ങി...
മുറ്റത്ത്, ആർത്തലച്ചു പെയ്യുന്ന ആ കൊടുംപേമാരിയിൽ കുളിച്ചുനിൽക്കുന്ന രണ്ട് കാറുകൾ ഉണ്ടായിരുന്നു.
ഇനിയുള്ള ഞങ്ങളുടെ ആ അവസാന യാത്രയ്ക്ക് വേണ്ടി തയ്യാറാക്കി നിർത്തിയിരിക്കുന്നതായിരിക്കണമത്....
ഹെഡ്‌ലൈറ്റുകളുടെ മഞ്ഞ വെളിച്ചം ആ മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഇരുട്ടിലേക്ക് നീണ്ടുനിന്നിരുന്നു.
പെട്ടെന്ന് ഏതോ ഒരാൾ വന്ന് യാതൊരു ശബ്ദവുമില്ലാതെ ഞങ്ങളുടെ കൈകളിൽ നിന്നും ബാഗുകൾ വാങ്ങി. ഒരു വലിയ കറുത്ത കുട നിവർത്തിപ്പിടിച്ച്, മഴയിലൂടെ നടന്ന് അയാൾ ആ ബാഗുകൾ കാറിന്റെ ഡിക്കിയിലേക്കെടുത്തു വെച്ചു.
ഞാൻ ആ സിറ്റൗട്ടിന്റെ തൂണിലേക്ക് ചാരിനിന്നുകൊണ്ട് ചുറ്റുമുള്ള ഓരോ കാഴ്ചകളിലേക്കും എന്റെ കണ്ണുകളെ പായിച്ചു..
വെറുമൊരു നിരീക്ഷണത്തിനപ്പുറം... ആ രാത്രിയിലെ ഓരോ ചെറിയ ചലനങ്ങളും എനിക്ക് നൽകുന്നത് വരാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പുകളാണെന്ന് എനിക്ക് തോന്നി!
💬 Comments
View all comments