Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]
ഷർട്ട് നന്നായി ചേരുന്നുണ്ട്. മുഖത്തിന്റെ ആ തേജസ്സ് ശരിക്കും തെളിയുന്നുണ്ട്... ചേച്ചി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. രണ്ടുമിനിറ്റ് ഞാനവിടെത്തന്നെയിരുന്നു. പിന്നെ വീട്ടിലേക്ക് വിട്ടു.
വഴിക്കു ചന്ദ്രേട്ടൻ വിളിച്ചു. നീ എവടാ? ഞാൻ ആഹാരം കൊടുത്തുവിടുന്നു. പൊതിയാണ്. അപ്പോ പാത്രമൊന്നും കഴുകണ്ട... നാളെ വിളിക്കാം...
ഒരു റമ്മും സോഡയും ഐസിട്ട് ഒറ്റവലിക്ക് അകത്താക്കി. ഠപ്പേന്ന് നേരിയ ഹൈ. അടുത്ത ഡ്രിങ്ക് മെല്ലെ നുണഞ്ഞ് വരാന്തയിലിരുന്നു. വിളക്കുകളണച്ച് സുഖമുള്ള പാതിയിരുട്ട് അങ്ങനെ ആസ്വദിച്ചു.
"വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം"
അക്കിത്തത്തിൻ്റെ വരികൾ... എത്ര നാളായി ഒരു പുസ്തകം കൈകൊണ്ടു തൊട്ടിട്ട്! പാട്ടുകൾ ആസ്വദിച്ചിട്ട്! ചന്ദ്രേട്ടൻ... വളരെയകന്ന ബന്ധു. അങ്ങേർക്കും ഭാര്യയ്ക്കും എന്റെപേരിൽ കനിവു തോന്നണ്ട കാര്യമില്ല. തലവേദനകളല്ലാതെ ഒന്നും ഞാനവർക്ക് കൊടുത്തിട്ടില്ല. ഇപ്പോൾ ചേച്ചി! വേദനിപ്പിക്കരുത്, ഒരിക്കലും.... ജീവൻ പോയാലും.. സ്വന്തം ചോരയും കളിക്കൂട്ടുകാരനുമൊക്കെ തള്ളിപ്പറഞ്ഞ... പറിച്ചുമാറ്റുന്ന ഒരു പാഴ്ച്ചെടി... ആഹ്... ഞാനൊന്നലറി. ഇല്ല.... അണഞ്ഞുപോയാലും അതിനുമുന്നേ ആളിക്കത്തും. ഇത്തരം ഊമ്പിയ സെൽഫ് പിറ്റിക്കൊന്നും ഇതുവരെ സമയം കൊടുത്തിട്ടില്ല. ഇനിയങ്ങോട്ടും!
മൂന്നാമത്തെ ഡ്രിങ്കുമൊഴിച്ചു ദിനേശ് ബീഡിയും കത്തിച്ച് ആദ്യത്തെ കോൺട്രാക്ടിന്റെ ഫൈനൽ ബില്ലു പാസായപ്പോൾ വാങ്ങിയ മ്യൂസിക് സിസ്റ്റത്തിൽ പഴയ സീഡീയിട്ടു. ചാഞ്ഞിരുന്നു... മധുരമായ പാട്ടൊഴുകി വന്നു...
" വാതിൽപ്പഴുതിലൂടെന്നുള്ളിൽ കുങ്കുമം വാരി വിതറും ത്രിസന്ധ്യ പോകെ..... അതിലോലമെൻ ഇടനാഴിയില് നിൻ കളമധുരമാം കാലൊച്ച കേട്ടൂ....."
സിന്ദൂരം കലർന്ന സുന്ദരമായ മുഖം... ആഹ്... മധുമുള്ള ഓർമ്മകളിൽ ലയിച്ചുപോയി...
ദേവകിയേട്ടത്തിയുടെ പൊതിച്ചോറും മീനും ചമ്മന്തിയും വെട്ടിവിഴുങ്ങിയിട്ട് കിടന്നു. രാവിലെ ഞെട്ടിയെണീറ്റു.. മൊബൈലിൽ ലൈറ്റു കത്തുന്നു. മെസ്സേജ് നോക്കി. അന്തക്കാലത്ത് വാട്ട്സാപ്പൊന്നും വന്നിട്ടില്ല.
💬 Comments
View all comments