Chapter Title : നിശാഗന്ധി [Maradona]
ഞങ്ങൾ അരുവിയുടെ കരയിൽ പോയിരുന്നു. നിലാവിൽ അവളുടെ മുഖം തിളങ്ങുന്നതായി എനിക്ക് തോന്നി. പക്ഷേ ഇപ്പോൾ അവളോടുള്ള തന്റെ വികാരം എന്താണന്ന് എനിക്കറിയില്ല. അവളുടെ വാക്കുകൾ കേൾക്കാനായി മാത്രം ഞാൻ ഇരുന്നു. കരച്ചിലിനും സങ്കടം പറച്ചിലിനും ശേഷം നാളുകൾക്കു ശേഷം അവൾക്ക് ഒരു കേൾവിക്കാരനെ ലഭിച്ചത്കൊണ്ടാകാം അവൾ വാചാലയായിരുന്നു.
പിറ്റേന്ന് രാവിലെ അവളാണ് ആദ്യം ഉണർന്നത്. അരുവിയുടെ കരയിൽ നിന്ന് വീട്ടിൽ എത്തി ഉറങ്ങിയത് എപ്പോളാണന്നു അറിയില്ല. പരസ്പരം കൈ കോർത്ത് വീട്ടിലേക്ക് വരുമ്പോൾ തമ്മിൽ പ്രണയം ആയിരുന്നില്ല ഉള്ളത് എന്ന് രണ്ടുപേർക്കും അറിയാമായിരുന്നു.
രാവിലെ ചായ കൊണ്ടുവന്നു വിളിച്ചെഴുന്നേല്പിച്ചത് അവളാണ്. പുറത്ത് നല്ലമഴയാണ്. ഹാളിൽ സെറ്റിയിൽ ആണ് ഞാൻ കിടന്നതെന്ന് ഉണർന്നപ്പോളാണ് ഞാൻ ഓർത്തത്.
കുളിച്ചു വന്നപ്പോളേക്കും രാവിലത്തെ ഭക്ഷണം ഒരുക്കി ഡൈനിങ്ങ് ടേബിളിൽ വച്ചു കുളിച്ചു റെഡി ആയി അവൾ എന്നെ കാത്തിരുപ്പുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് കഴിച്ചു. അടുത്ത കാലത്ത് ഞാൻ കഴിച്ചതിൽ ഏറ്റവും നല്ല ഭക്ഷണം ആയിരുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ കുറേ നാളുകൾക്കു ശേഷം ആണ് അവൾ ഭക്ഷണം ഉണ്ടാക്കുന്നതെന്നാണ് അവൾ പറഞ്ഞത്.
അന്നത്തെ ദിവസം മുഴുവൻ ആ വീട്ടിൽ ചിലവഴിച്ചു. എന്നെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ ഒന്നും ഞാൻ അവളോട് പറഞ്ഞില്ല, അവൾ ചോദിച്ചുമില്ല.
അന്ന് രാത്രിയും ഞാൻ ഹാളിലും അവൾ മുറിയിലും ഉറങ്ങി. പിറ്റേ ദിവസം ഞാൻ ഉണരുമ്പോൾ അവൾ ഉണർനിട്ടുണ്ടായിരുന്നില്ല. ഞാൻ മുറിയുടെ അടുത്ത് ചെന്നു നോക്കിയപ്പോൾ കതക് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പുതച്ച് കിടന്നുറങ്ങുന്ന അവൾക്ക് തള്ളപ്പൂച്ചയുടെ ചൂട് പറ്റി കിടക്കുന്ന ഒരു പൂച്ചക്കുഞ്ഞിന്റെ മുഖമാണ്.
💬 Comments
View all comments