Chapter Title : ഞാൻ [Ne-Na]
"ഡാ.. അവൾ ഒരു പെണ്ണാണ്.. ഇങ്ങനെ അനാവശ്യങ്ങൾ വിളിച്ച് പറയരുത്." "നീ ഇവളെ കൂടുതൽ അങ്ങ് സപ്പോർട്ട് ചെയ്യാൻ വരണ്ട.. നീയും ഇവളുമായുള്ള ബന്ധമൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്.. ഞങ്ങൾ വല്ലോം ഫോൺ വിളിച്ചാൽ അവൾക്ക് സംസാരിക്കാൻ സമയം ഇല്ല.. പക്ഷെ നിന്നോട് എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ സമയമുണ്ട്." ജിതിനോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസിലായ ഞാൻ ദേവികയുടെ കൈയും പിടിച്ച് ക്ലാസിനു പുറത്തേക്ക് നടന്നു. അപ്പോഴും അവളുടെ ഏങ്ങൽ എന്റെ ചെവിക്കുള്ളിലേക്ക് ഇരച്ച് കയറുന്നുണ്ടായിരുന്നു. ക്യാന്റീനിൽ എത്തിയ ഞാൻ ആളൊഴിഞ്ഞ ഒരിടം നോക്കി അവളെയും കൂട്ടി പോയിരുന്നു. അവൾ കരച്ചിലടക്കാൻ പാട് പെടുകയായിരുന്നു അപ്പോൾ. ഞാൻ ആദ്യമായാണ് ദേവിക കരഞ്ഞ് കാണുന്നത്..ഇതിന് മുൻപെപ്പോഴും ചിരിച്ച് കളിച്ച് പാറിപ്പറക്കുന്നത് മാത്രമാണ് കണ്ടിട്ടുള്ളത്. ഞാൻ നിശബ്തനായി ഇരുന്ന് അവൾക്ക് കരഞ്ഞ് സങ്കടം തീർക്കാനുള്ള അവസരം കൊടുത്തു. കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു. "അവൻ പറഞ്ഞതൊക്കെ നീയും വിശ്വസിക്കുന്നുണ്ടോ?" എന്റെ വിരലുകൾ അവളുടെ കരങ്ങളിൽ അമർന്നു. "ഈ കോളേജിൽ വന്ന സമയങ്ങളിൽ ഞാനും അതൊക്കെ സത്യമാണെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ നിന്നെ അടുത്തറിഞ്ഞപ്പോൾ എനിക്ക് മനസിലായി അതൊക്കെ വെറും കള്ളങ്ങൾ മാത്രമായിരുന്നെന്ന്." "നീയും ഇങ്ങനത്തെ കഥകൾ കേട്ടിരുന്നെങ്കിൽ എന്തുകൊണ്ടാ അതിനെകുറിച്ച് ഒരിക്കലെങ്കിലും എന്നോട് ചോദിക്കാഞ്ഞത്?" "എന്തിനാ നിന്നെ വിഷമിപ്പിക്കുന്നതെന്ന് വിചാരിച്ചാണ് ചോദിക്കാഞ്ഞത്." "നീ എന്നെ നല്ലൊരു സുഹൃത്തായി കണ്ടിരുന്നെങ്കിൽ ഇവന്മാരുടെ മനസ്സിൽ എന്നെ കുറിച്ച് ഇങ്ങനാണെന്ന് പറയണമായിരുന്നു... ഇതിപ്പോൾ ഞാൻ അവന്മാരോടൊപ്പം നടക്കുമ്പോൾ അവന്മാരുടെ ഉള്ളിൽ ഞാൻ വെറുമൊരു ....." അവളുടെ മുഴുവിപ്പിക്കാത്ത വാക്കുകൾ എന്റെ ഉള്ളിൽ കത്തിയായി ആഴ്ന്നിറങ്ങി. ശരിയായിരുന്നു.
💬 Comments
View all comments