Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]
മഞ്ഞുകട്ട പോലെ ഉറഞ്ഞിരുന്ന ആ പെൺകുട്ടി, മുറ്റത്തേക്ക് കാലെടുത്തുവെച്ച നിമിഷം നിറഞ്ഞ പുഞ്ചിരിയോടെയും നാണത്തോടെയും നിൽക്കുന്ന ആ പഴയ മഞ്ചേരിക്കാരി പുതുപ്പെണ്ണായി മാറിയിരിക്കുന്നു!
"ആഹാ! എത്തിയോ മക്കൾ? കുമരകത്തെ കായൽക്കാറ്റൊക്കെ കൊണ്ടിട്ട് എന്റെ മോൾ ഒന്നുകൂടി മിനുങ്ങിയല്ലോ!" വല്യുമ്മ ഉമ്മറപ്പടിയിൽ നിന്ന് ഇറങ്ങിവന്ന് ജസ്‌നയുടെ നെറുകയിൽ തലോടി.
"നല്ല രസമുണ്ടായിരുന്നു വല്യുമ്മാ... വലിയ കായലും തെങ്ങിൻതോപ്പുകളുമൊക്കെയായിട്ട് നല്ല ശാന്തമായ സ്ഥലമായിരുന്നു," ജസ്‌ന വളരെ ഉത്സാഹത്തോടെ വല്യുമ്മയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
തുടർന്ന് കാറിന്റെ ഡിക്കിയിൽ നിന്ന് പെട്ടികൾ ഇറക്കിവെക്കുന്ന ഷാഹിദിന് നേരെ തിരിഞ്ഞ്, വീട്ടുകാർക്ക് ഒരിറ്റ് സംശയം പോലും തോന്നാത്ത വിധം സ്വാഭാവികമായ പുഞ്ചിരിയോടെ അവൾ വിളിച്ചുപറഞ്ഞു: "ഷാഹി... ആ ചെറിയ ബാഗ് ഇങ്ങോട്ട് തന്നേക്ക്, ഞാൻ മുകളിലേക്ക് എടുത്തോളാം."
അതുകേട്ടതും അരികിൽ നിന്നിരുന്ന ഉമ്മ ചെറിയൊരു വാത്സല്യച്ചിരിയോടെ ജസ്‌നയുടെ തോളിൽ തട്ടി.
"മോളേ ജസ്‌നാ... കല്യാണത്തിന് മുൻപ് നിങ്ങൾ ഫോണിൽ സംസാരിക്കുമ്പോഴൊക്കെ പേര് വിളിച്ചതൊക്കെ പോട്ടെ. പക്ഷേ ഇപ്പോൾ നിക്കാഹ് കഴിഞ്ഞ് ഭാര്യയും ഭർത്താവുമായില്ലേ? നമ്മുടെ കുടുംബത്തിലൊന്നും പെണ്ണുങ്ങൾ ഭർത്താക്കന്മാരെ പേരെടുത്ത് വിളിക്കുന്ന ശീലമില്ല ട്ടോ. ഇനിയിപ്പോ ആൾക്കാരുടെ മുന്നിൽ വെച്ചായാലും അല്ലെങ്കിലും 'ഷാഹി' എന്ന് വിളിക്കണ്ട. 'ഇക്കാ' എന്നോ 'ഇക്കാക്കാ' എന്നോ വിളിച്ചാൽ മതി. അതാണ് ഭർത്താവിനോടുള്ള ഒരു ബഹുമാനവും സ്നേഹവും. പെണ്ണ് അങ്ങനെ ബഹുമാനത്തോടെ വിളിക്കുമ്പോഴേ ആണിനും താനൊരു കുടുംബനാഥനായെന്നുള്ള ബോധവും ഉത്തരവാദിത്തവുമൊക്കെ ഉള്ളിൽ വരൂ!"
ഉമ്മ അത് വളരെ നിഷ്കളങ്കമായി, നാട്ടുനടപ്പ് അനുസരിച്ച് പറഞ്ഞതാണെങ്കിലും, ആ വാക്കുകൾ ജസ്‌നയുടെ ഉള്ളിലേക്ക് മറ്റൊരു വലിയ ആയുധമായിട്ടാണ് ഇറങ്ങിച്ചെന്നത്.
'ഉമ്മ പറഞ്ഞത് എത്ര ശരിയാണ്!'
💬 Comments
View all comments