Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ തടയുമായിരുന്നോ ആദീ? ഇത്ര വലിയൊരു കാര്യം മനസ്സിൽ വെച്ചുകൊണ്ടാണോ നീ ഇത്രയും ദിവസം അവിടെ നിന്നത്..."
അമ്മയുടെ ആ ചോദ്യത്തിന് മുന്നിൽ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. ഞാൻ ഒന്നും മിണ്ടാതെ നിന്നു.
"എന്തായാലും പോയി മുഖം കഴുകി വാ... ബാക്കി നമുക്ക് പിന്നെ സംസാരിക്കാം,"
എന്ന് പറഞ്ഞ് അമ്മ വേഗം തിരിഞ്ഞുനിന്ന് അടുപ്പിലെ തീ ഊതിക്കത്തിക്കാൻ തുടങ്ങി. ആ തീയുടെ വെളിച്ചത്തിൽ, മകന്റെ വലിയൊരു രഹസ്യം വൈകി അറിഞ്ഞതിന്റെ ചെറിയൊരു സങ്കടം അമ്മയുടെ കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു. പക്ഷെ അതിനുമപ്പുറം, എന്റെ ഇഷ്ടത്തെ തള്ളിക്കളയാത്ത ഒരു അമ്മമനസ്സിന്റെ ആശ്വാസം എനിക്കവിടെ കാണാമായിരുന്നു…
മുഖം കഴുകി വന്നപ്പോഴേക്കും അടുക്കളയിലെ മേശപ്പുറത്ത് ആവി പറക്കുന്ന കാപ്പിയുമായി അമ്മ കാത്തുനിൽപ്പുണ്ടായിരുന്നു. അമ്മയുടെ മുഖത്ത് അപ്പോഴും ആ പഴയ പരിഭവമുണ്ടായിരുന്നെങ്കിലും, എന്റെ സങ്കടങ്ങൾ കേൾക്കാനുള്ള ഒരു അമ്മമനസ്സിന്റെ വെപ്രാളം ആ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു. ഞാൻ കസേരയിലേക്ക് ഇരുന്നു. ചൂട് കാപ്പിയിൽ നിന്നും ഒരു സിപ്പ് എടുത്ത ശേഷം ഞാൻ പതുക്കെ അമ്മയെ നോക്കി.
"അമ്മ..."
"മ്മ്... പറയ്. അവിടെ പോയിട്ട് പിന്നെ എന്തൊക്കെയാ ഉണ്ടായേ? ഈ കാര്യങ്ങളൊന്നും അവളോ അവളുടെ വീട്ടുകാരോ അറിഞ്ഞിട്ടില്ലല്ലോ അല്ലെ?"
അമ്മ ആകാംക്ഷയോടെ ചോദിച്ചു.
"വീട്ടുകാർ അറിഞ്ഞിട്ടില്ല... പക്ഷെ, അവൾക്കറിയാം അമ്മേ."
ഞാൻ കാപ്പിക്കോപ്പ മേശപ്പുറത്തുവെച്ചു.
"ആദ്യം അവൾക്കെന്നെ വല്ലാത്തൊരു പേടിയായിരുന്നു. പക്ഷെ... ഈ മൂന്നു ദിവസം കൊണ്ട് എല്ലാം മാറി. ഞാൻ ഇങ്ങോട്ട് പോരുന്നതിന്റെ തലേദിവസം അവൾ എന്നോട് പറഞ്ഞു, അവൾക്കിപ്പോ എന്നെ ജീവനാണെന്ന്. ഈ ആദി ഇല്ലാതെ ഇനി അവൾക്കൊരു ലോകമില്ലെന്ന്.
💬 Comments
View all comments