0%
Chapter 1

പാര്‍വ്വതി [Master]

Author : Master | Read All Parts | 👁 405 |

“ബെഞ്ച്‌ ഈ ഭിത്തിയോട് ചേര്‍ത്തിട്. എങ്കിലേ ചേട്ടന്‍ വരുന്നുണ്ടോന്ന് നോക്കാന്‍ പറ്റൂ” സാരി അരക്കെട്ടില്‍ ചുറ്റിക്കൊണ്ട് ചേച്ചി പറഞ്ഞു. ഞാനെഴുന്നേറ്റ് ബെഞ്ച്‌ ഭിത്തിയോട് ചേര്‍ത്തിട്ടു. അതിന്റെ രണ്ടഗ്രങ്ങളിലായി ഞങ്ങളിരുന്നു. ഇപ്പോള്‍ പലകളുടെ ഇടയിലുള്ള വിടവിലൂടെ വീട്ടിലേക്കുള്ള വഴി കാണാന്‍ സാധിക്കുമായിരുന്നു.

“ചേച്ചി ഒരു മിനിറ്റ്” പെട്ടെന്നെന്തോ ഓര്‍ത്തപോലെ ഞാന്‍ പറഞ്ഞു. എന്നിട്ട് എഴുന്നേറ്റ് നിന്ന് ചേച്ചിയെ നോക്കി. പുള്ളിക്കാരിയും ചോദ്യഭാവത്തില്‍ എന്നെ നോക്കുകയായിരുന്നു.

“എഴുന്നേല്‍ക്ക്” ഞാന്‍ പറഞ്ഞു. ചേച്ചി എഴുന്നേറ്റു. അപ്പോഴാണ്‌ ചേച്ചിയുടെ ഉയരം ഞാന്‍ ശ്രദ്ധിക്കുന്നത്. എന്റെ അത്രതന്നെ ഉയരം ചേച്ചിക്കുണ്ടായിരുന്നു. ഞാന്‍ പോക്കറ്റില്‍ നിന്നും അച്ഛന്‍ നല്‍കിയ പണമെടുത്ത് ദക്ഷിണ നല്‍കുന്നതുപോലെ ചേച്ചിയുടെ നേരെ നീട്ടി.

“ഇതെന്തിനാണ്?” ചേച്ചി അത്ഭുതം കൂറി.

“ദക്ഷിണ. അച്ഛന്‍ തന്നുവിട്ടതാണ്”

പെട്ടെന്ന് ചേച്ചിയുടെ മുഖം ആര്‍ദ്രമായി. തിളക്കമുള്ള ആ കണ്ണുകളിലേക്ക് നനവിറങ്ങി നിറയുന്നത് ഞാന്‍ കണ്ടു. നീട്ടിയ കൈകളിലേക്ക് ഞാനാ നോട്ട് വച്ചുകൊടുത്തു. ഒരുനിമിഷം കണ്ണടച്ച ശേഷം ചേച്ചി കൈനീട്ടി എന്റെ ശിരസില്‍ വച്ചു; അനുഗ്രഹിക്കുന്നതുപോലെ.

“എന്തിനാ ചേച്ചി കരഞ്ഞത്?”

ഞാന്‍ ചോദിച്ചു. പണം ഉള്ളില്‍ കൊണ്ടുവച്ചിട്ട് ചേച്ചി വന്നപ്പോഴായിരുന്നു ഞാനത് ചോദിച്ചത്. ചേച്ചി എന്റെയൊപ്പം ബെഞ്ചിലേക്ക് വീണ്ടുമിരുന്നു.

“ഒന്നുമില്ല കുട്ടീ; ഒന്നുമില്ല” ചേച്ചി മ്ലാനഭാവത്തോടെ ദീര്‍ഘമായി നിശ്വസിച്ചു.

“അല്ല, എന്തോ ഉണ്ട്. പറ ചേച്ചി; എന്തിനാ കരഞ്ഞേ?” ഒന്നുന്നിയാല്‍ അതു നേടാതെ മാറുന്ന ശീലമില്ലാത്ത ഞാന്‍ വീണ്ടും ചോദിച്ചു.

ചേച്ചി എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് പുറത്തേക്ക് നോട്ടം മാറ്റി. അന്തരീക്ഷം മൂടിപ്പുതച്ച മട്ടില്‍ കിടക്കുകയാണ്; നിശ്ചലമായി.

“പലചരക്കുകടയിലെ കടംവീട്ടാന്‍ നിവൃത്തിയില്ലാതെ ഇരിക്കുന്ന സമയത്താണ്..” ചേച്ചി പെട്ടെന്ന് വിതുമ്പിയെങ്കിലും വേഗം തന്നെ അതിനെ മറികടന്ന് എന്നെ നോക്കി പുഞ്ചിരിച്ചു. ആ മിഴികളില്‍ നിന്നും മുത്തുമണികള്‍ പോലെ രണ്ടുതുള്ളി കണ്ണീര്‍ കവിളുകളിലൂടെ താഴേക്ക് പതിച്ച് ചിന്നിച്ചിതറി. ഉള്ളില്‍ ഭാരമേറിയ ഏതോ വസ്തു വന്നു നിറഞ്ഞപോലെ എന്റെ മനസ്സ് വീര്‍പ്പുമുട്ടി.

“ഓകെ, നമുക്ക് ക്ലാസ് തുടങ്ങാം. അപ്പൊ കുട്ടിക്ക് ഇംഗ്ലീഷ് സംസാരിക്കണം; മടികൂടാതെ, അല്ലെ?” കണ്ണുകള്‍ തുടച്ച് പ്രസന്നഭാവത്തോടെ ചേച്ചി ചോദിച്ചു. എന്തൊക്കെയോ പറയാന്‍ വന്ന ഞാന്‍ അതെല്ലാം ഉള്ളിലൊതുക്കിയിട്ട് മൂളി.

💬 Comments

View all comments