Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
അല്ലെങ്കിൽ...ലീനയുമായ് ഒത്തുള്ള പഴയ ക്യാംപസ് കാലങ്ങളിലേക്ക്...അതിൻറെ ഓരോരോ വർണ്ണപൊലിമകളിലേക്ക്...ഊളിയിട്ട് ഊർന്നിറങ്ങുകയായിരുന്നിരിക്കണം അവൻറെ പഴമനസ്സ്. അത് അങ്ങനെ പ്രേരണകളുടെ മരുപ്പച്ച താണ്ടി...ചിന്തകളുടെ കാട് കയ്യേറി...താഴ്വാരം ഇറങ്ങികൊണ്ടേ ഇരുന്നു. പല കാലങ്ങളിൽ കൈമോശം വന്ന മോഹങ്ങൾ വീണ്ടും സ്വപ്നങ്ങളുടെ കളിക്കൂട് ഏറാൻ വിരുന്നേറ്റി. അഭിയുടെ ആവേശം ചോർത്തിയ ആലോചനകൾ...പല മാനം കൈവരിച്ച ഓർമ്മകൾ...മറ്റുള്ളവരെയും മെല്ലെ നിഷ്ക്രിയതയിലേക്ക് ആഴ്ത്തി. മൗനം അവർക്കുള്ളിലേക്ക് പാത്തുപതുങ്ങി വലിഞ്ഞു നീങ്ങിയെത്തി. യുദ്ധം കഴിഞ്ഞുള്ള സമാധാനം പോലെ, അത് എല്ലാവരിലും ഒരുപോലെ സ്വകാര്യതകൾ ഒരുക്കി, ധ്യാന സമാനരാക്കി.
അഭി അപ്പോഴും...മുഴുവനായി തുറന്നിട്ട ഇടത് വശ ഗ്ളാസിന് മുകളിലൂടെ അങ്ങകലേക്ക് മിഴികൾ പായിച്ചു വെറുതെ നോക്കി ഇരിക്കുകയായിരുന്നു. അനിശ്ചിതത്വത്തിൻറെ കരിനീലമേഘങ്ങൾ ഒന്നൊഴിയാതെ മേലെ പാളികളായി അടർന്ന് നീങ്ങി മാറുന്നു. അതിനൊപ്പം മുന്നോട്ട് കുതിക്കുന്ന വാഹനത്തിന് സമാന്തരമായി...അവൻറെ മനസ്സും...ഓളങ്ങൾ തീർത്തു അറിയാതെ, എങ്ങോട്ടൊക്കെയോ ഒഴുകി.
പടിഞ്ഞാറ്, കുങ്കുമഛായ പടർത്തി...നേരം പതിയെ സന്ധ്യയിലേക്ക് അടുക്കുന്നു. വണ്ടി ശഖുമുഖം കടൽതീരത്തിൻറെ വർണ്ണമനോഹാരിതക്ക് മുന്നിലൂടെ ഇഴഞ്ഞു നീങ്ങി. കടപ്പുറം എപ്പൊഴൊ പെയ്തുതീർന്ന മഴയുടെ നനവിൽ...ആർദ്രതപൂണ്ട് മയങ്ങികിടക്കുന്നു. അസ്തമയസൂര്യൻ, അന്നത്തെ അദ്ധ്വാനം അവസാനിപ്പിച്ചു ചക്രവാള സീമയിലേക്ക് മെല്ലെ മെല്ലെ പടി താഴ്ത്തുന്നു. വെയിൽ മങ്ങി നരച്ച, നീലാകാശ നിരത്തുകളിൽ കിളിക്കൂട്ടങ്ങൾ...ചിലച്ചു ചിറകടിച്ചു കൂടുതേടി, അതിദൂരത്തേക്ക് പറന്നകലുന്ന അതിസുന്ദര കാഴ്ച്ച !. ഓരോന്നായി അഭി നോക്കി, കണ്ട് മതിമറന്നിരുന്നു. വീണ്ടും !....ഒരിക്കൽക്കൂടി, താൻ ഇവിടെ. ഏകാന്തത ധ്യാനമൊരുക്കുന്ന തൻറെ പഴയ ശംഖുമുഖ ലാവണത്തിൻറെ ഈറൻ മടിത്തട്ടിൽ !. ഓർമകൾക്ക് ചാമരം വീശാൻ എന്നവണ്ണം...അനുസരണയില്ലാത്ത തണുത്ത കിഴക്കൻകാറ്റ് അഭിയുടെ മുടിയിഴകളെ ആകെ തഴുകി ഉലച്ചു പുളകം വിതറി കടന്നുപോയി.
💬 Comments
View all comments