Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞിരുന്നു. എല്ലാത്തിനും നേതൃത്വം കൊടുത്തു, ചടങ്ങിന്റെ എല്ലാം എല്ലാമായി മുന്നിൽ തന്നെ നിന്നിരുന്നത് മറ്റാരുമല്ല, അലീന എന്ന ലീന തന്നെയായിരുന്നു. അവളിലെ വലിയ മാറ്റത്തിലും...കഴിവിലും അതിശയം പൂണ്ട്, സ്നേഹ ആദരവുകൾ അർപ്പിച്ചു അഭിയും അവിടവിടെയായി നിലകൊണ്ടു. എഡ്വേർഡ്, ഹരി തുടങ്ങിയ അവരുടെ മറ്റു കൂട്ടുകാരും...തമാശകൾ പൊട്ടിച്ചും...പരിചയങ്ങൾ പുതുക്കിയും അവർക്കൊക്കെ ഒപ്പം അവിടവിടെയായി മാറിയും തിരിഞ്ഞും...ഒറ്റതിരഞ്ഞും കറങ്ങി നിന്നു.പിന്നെ, പഴയ വിദ്യാർഥി സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും പരസ്‌പരം പരിചയപ്പെടുത്തുന്നതിന്റെ സമയമായി. അവർ, ഓരോരുത്തരായി കടന്നുവന്ന്...ആദ്യം അവരവരെ, പിന്നെ അവരുടെ കുടുംബ അംഗങ്ങൾ എന്നിങ്ങനെ...ഓരോന്ന് ഓരോന്നായി പരിചയപ്പെടുത്തിയ ശേഷം, അവർ ഇന്ന്...ആര് ?...ഏത് നിലയിൽ വിരാജിക്കുന്നു ?...എന്നതിനപ്പുറം പഠനംകഴിഞ്ഞു അവർ ഇന്ന് എത്തിനിൽക്കുന്ന ഇതുവരെയുള്ള കാലങ്ങളിലേക്ക് മുഴുവൻ...വെളിച്ചം വീശുന്ന, ഇതഃപര്യന്ത സംഭവങ്ങളെ ആകെ കോർത്തിണക്കി...ഒരു കഥപോലെ മറ്റുള്ളവർക്ക് മുന്നിൽ എല്ലാം അവതരിപ്പിച്ചു. തമാശയും ഒപ്പം ഗൗരവവും ഇടകലർന്ന..ഹ്രസ്വം എന്നാൽ ശ്രദ്ധേയമായ ജീവിതഗാഥാ പാരായണം പലരും വ്യത്യസ്തമാക്കി തുടർന്നപ്പോൾ...കാഴ്ച്ചക്കാർ മിക്കവർക്കും അനുകമ്പയോടൊപ്പം വലിയ നർമ്മവും അനുഭവപ്പെട്ടു, അവർ നന്നായി ആസ്വദിച്ചു ചിരിക്കുന്നതും കേൾക്കാമായിരുന്നു. അക്കൂട്ടത്തിൽ എല്ലാവര്ക്കും അത്യന്തം പുതുമയും, അത്ഭുതാവഹവുമായി തോന്നിയ അനുഭവം സമ്മാനിച്ചത്...അഭിയുടെ ഊഴം വന്നപ്പോൾ ആയിരുന്നു.
എഴുത്തുകാരനും, നല്ലൊരു കവിതാലാപകനും...വാഗ്മിയുമായി പണ്ട്...കാമ്പസ് കാലം മുതലേ പേരെടുത്തിരുന്ന അഭിയുടെ സംസാരം മുഴുവൻ ലളിതവും സരസവും എങ്കിലും....നിറയെ ചിന്തോദ്ദീപകങ്ങളായിരുന്നു. കുറഞ്ഞ വാക്കുകളിൽ തൻറെ വ്യക്തിജീവിതത്തെയും...സൗഹൃദങ്ങളെയും അതിൻറെ ആഴങ്ങളെയും എല്ലാമെല്ലാം അതിമനോഹരമായി കോറിയിട്ടുകൊണ്ടായിരുന്നു അതിൻറെ ആരംഭം. എന്നാൽ തുടർന്ന് സംസാരിച്ചു കാടുകേറിയപ്പോൾ അവൻ ആനുകാലിക സംഭവങ്ങൾ ഉൾപ്പടെ സ്പർശിച്ചു വിമർശിച്ചു കൈയ്യേറി പോകാത്ത ഒരു വിഷയങ്ങളും അവശേഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം.
💬 Comments
View all comments