Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
മിലിമോളുടെ മിഴിയും മനവും ചിന്തകളും അങ്ങനെ...ലീനമമ്മിയുടെ ഓരോരോ ദിനാന്ത ചലനങ്ങളിലും ചെയ്‌തികളിലുമായി...''ദൃഷ്‌ടികടാക്ഷങ്ങൾ'' വാരിവിതറി, സ്വൈരവിഹാരങ്ങൾ തുടർന്നുകൊണ്ടിരുന്നു. പരമാർത്ഥം പറഞ്ഞാൽ...ലീനയാകട്ടെ, അഭി വന്നെത്തിയ ശേഷം...മിലി ഉദ്ദേശിച്ചിരുന്ന പോലെയൊക്കെത്തന്നെ പുതിയൊരു ലോകവും ജീവിതവും ചുറ്റിപറ്റി ആയിരുന്നു തൻറെ ദിനരാവുകൾ തള്ളി നീക്കിയിരുന്നത് മുഴുവനും. അപ്പോൾ നിലനിന്ന മനസ്സും കർമ്മങ്ങളും ആകട്ടെ, അവളുടെ മാത്രം നിയന്ത്രണത്തിൻ കീഴിൽ...അഭിയും മകളുടെ മിന്നുകെട്ടും,സുരഭിലഭാവിയും ഒക്കെയായി...കുറെ പകൽ കിനാവുകളും ഓർമ്മകളും മോഹങ്ങളും തഴുകി താലോലിച്ചു, മഹത്വസുന്ദരമാക്കി, ഒന്നുമറിയാതെ ഒരു പൊങ്ങുതടിപോലെ അങ്ങനെ ഒഴുകി, മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
എന്നാൽ മമ്മീടെ പ്രിയപ്പെട്ട മോൾ മിലിക്കാവട്ടെ...നാൾക്ക് നാൾ...തന്നോടൊന്നും തുറന്ന് സംസാരിക്കാതെ . മമ്മി തുടർന്ന് പോകുന്ന അതിരില്ലാത്ത പുതിയ ബന്ധത്തിൻറെ ആഴങ്ങളെക്കുറിച്ചോർത്തു വല്ലാതെ ആകുലചിത്തയായി. '' തങ്ങളുടെ'' ഭാവിജീവിതത്തെ കുറിച്ചുള്ള തീരുമാനങ്ങളുടെ
അപര്യാപ്തതയിൽ....ഉത്കണ്ഠകൂടി, അവൾ തീർത്തും അസ്വസ്‌ഥമനസ്‌കയായി മാറികഴിഞ്ഞിരുന്നു. അതിന് അവൾക്കടിസ്‌ഥാനം കൊടുക്കന്ന ഭയാശങ്കകൾ നിറയുന്ന കാഴ്ചകളുടെ ഉത്സവദിവസങ്ങളായിരുന്നു പിന്നീട് കടന്നുപോയതും. താനുമായി ഒരുമിച്ചുള്ള ..നേരങ്ങളിൽപോലും....യാതൊരു വീണ്ടുവിചാരവും കൂടാതെ, അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു മറിയാനാണ് മമ്മി മുഴുവൻ സമയവും ചിലവിടുന്നത്. താൻ എന്ത് കരുതും ?... എന്നുള്ള 'ചളിപ്പ്' കൊണ്ട് ഒന്നുമല്ല....താൻ അങ്ങോട്ട് കേറി എന്തെങ്കിലും ചോദിക്കാൻ 'ഇട' വന്നെങ്കിലോ ?...അതിന്, ഏത് കള്ളത്തരം മെനയും ?....എന്നുള്ള ആശങ്കയാൽ ആയിരിക്കും...ഇപ്പോൾ തന്നോട് പഴയ അടുപ്പം കാണിക്കാതെ, വല്ലാതെ അകലാൻ ശ്രമിക്കുന്നത്. ഈ നാളു വരെയും രണ്ടുപേരുടെയും മനസ്സിലിരുപ്പ് ഒട്ടുംതന്നെ പുറത്തു വരുന്നില്ല. ഇതിൽ കൂടുതൽ കാര്യങ്ങൾ വെളിവാകാൻ ?...ഇനി,എന്തെങ്കിലും അർത്ഥതലങ്ങൾ അന്വേഷിച്ചു അലയേണ്ട ആവശ്യമോ ?...ഏതെങ്കിലും ജോൽസ്യൻറെ അടുത്തു പോകേണ്ട ആവശ്യമോ?... ഇല്ല. എല്ലാം പകൽ പോലെ വ്യക്തമാണ്.
💬 Comments
View all comments