Chapter Title : പ്രണയമാണ് ഇപ്പോഴും [Smitha]
മീര അവളുടെ തോളിൽ പതിയെ അടിച്ചു. "എന്റെ അച്ഛൻ എന്താ നിന്റെ ഗീവർഗ്ഗീസ് പുണ്യാളനെപ്പോലെ പ്രേമത്തിന്റെ കുന്തോം ആയി നടക്കുവാണോ?" സോഫിയയും ചിരിച്ചു. "എടീ അടുത്ത ഞായറാഴ്ച ടൗൺ ഹാളിൽ അച്ഛന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനമുണ്ട്. നീയും വാ..നമുക്ക് അവിടെ വെച്ച് കാണാം. അച്ഛനെ പരിചയപ്പെടൽ അവിടെയാകട്ടെ," "കവിതയോ? അതിന് നിന്റെ അച്ഛൻ എഴുത്തുകാരനാണോ? കളക്ട്രേറ്റിൽ എന്തോ ജോലിയല്ലേ?" "ജോലി ഒക്കെ അവിടെത്തന്നെയാ! പക്ഷെ അച്ഛൻ ആദ്യമായി എഴുതുന്ന പുസ്തകമായ അത്. ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നെ അമ്മയ്ക്കും," "ഓ! ഇക്കാലത്ത് സ്വന്തം ഭാര്യക്ക് ഡെഡിക്കേറ്റ് ചെയ്യുന്ന ഭർത്താക്കൻമാർ വളരെ റെയർ ആണ്," സോഫിയ ചിരിച്ചു. "എന്ന് വെച്ചാൽ?" മനസ്സിലാകാതെ മീര ചോദിച്ചു. "നിന്റെ ചിരിയിൽ എന്താ ഒരു ദുസ്സൂചന?" "ഒന്നുമില്ല," സോഫിയ വീണ്ടും ചിരിച്ചു. "നീ കുഞ്ഞാ, വലുതാവുമ്പോൾ താനേ മനസ്സിലായിക്കോളും ഡെഡിക്കേഷൻ എന്ന് വെച്ചാൽ എന്താണ് എന്ന്!" ഉള്ളിൽ ശരിക്ക് ചൊടിച്ചെങ്കിലും മീര അവളോട് തുടർന്നൊന്നും ചോദിക്കുകയുണ്ടായില്ല. സ്വർണ്ണ നിറമുള്ള ഇലച്ചാർത്തുകൾക്ക് താഴെ, വെള്ളി മേഘങ്ങൾക്ക് താഴെ, വാഹനങ്ങൾ പ്രേതങ്ങളുടെ വേഗതയിൽ പായുമ്പോൾ ജയകൃഷ്ണനും മീരയും ടാഗോർ ഹാളിലേക്ക് നടന്നു. "ഉം കൊള്ളാം," മീര ജയകൃഷ്ണന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. "സെക്ഷൻ ഓഫീസറുടെ കവിത ഒരുപാട് ആളുകൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. നല്ല ആളുകൾ ഉണ്ടല്ലോ." ജയകൃഷ്ണൻ അകത്തേക്ക് കയറിയപ്പോൾ ആളുകൾ അയാളെ തന്നെ നോക്കി. ചിലർ എഴുന്നേറ്റു. സുന്ദരിയായ ഒരു മധ്യവയസ്‌ക അവരെ സമീപിച്ചു. "ആരാ ഇത് ജയാ?' അവർ മീരയെ നോക്കി ചോദിച്ചു. "മകളാണ്," അയാൾ പറഞ്ഞു. "ങ്ഹേ!" അവർ അവിശ്വസനീയതയോടെ ഇരുവരെയും നോക്കി.
💬 Comments
View all comments